

ടി. സിദിഖ്
കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മിഷനിലെ (പിഎസ്സി) ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മന്ത്രി ടി. സിദിഖ്. പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെ നീക്കണമെന്ന് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്സിയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനങ്ങളിൽ മെറിറ്റ് അട്ടിമറിക്കപ്പെട്ടെന്നും പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ നിർണായക നടപടികളുണ്ടാകുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ പിഎസ്സിക്കും സർവകലാശാലകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെന്ന് ആരോപിച്ച അദ്ദേഹം, നിയമനങ്ങളിലെ ക്രമക്കേടുകൾ സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയെ ബാധിച്ചെന്നും പറഞ്ഞു. മന്ത്രിസഭ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന് കോടതിയുടെ പൂർണ പിന്തുണയുണ്ടെന്നും നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്സി നിയമനപരീക്ഷകളിൽ അഭിമുഖത്തിനുള്ള മാർക്കിന്റെ വിതരണത്തിൽ വരുത്തിയ മാറ്റങ്ങൾ മെറിറ്റിനെ ബാധിച്ചെന്നും ഇതിനു ഉത്തരവാദികളായവർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, നെടുമ്പാശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി താൻ നിർദേശിച്ച അഭിഭാഷകനെ നിയമിക്കാൻ ശുപാർശ ചെയ്തെന്ന ആരോപണം സിദ്ദിഖ് നിഷേധിച്ചു. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ലഭ്യമാക്കുകയും ചെയ്യുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ പി.വി. ഹരിയെ പ്രോസിക്യൂട്ടറായി നിയമിക്കാൻ മന്ത്രി ശുപാർശ ചെയ്തെന്നായിരുന്നു ആരോപണം.
തന്റെ മണ്ഡലത്തിൽപ്പെട്ട അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നുവെന്ന് സിദിഖ് പറഞ്ഞു. അഭിഭാഷകന്റെ സമ്മതപത്രം സഹിതം കുടുംബം നിവേദനം നൽകിയിരുന്നു. കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന ഒരേയൊരു താൽപര്യം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.