കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിന് എന്റർടെയ്ൻമെന്‍റ് ട്രിബ്യൂണൽ വേണമെന്ന് നടി രഞ്ജിനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താൻ എതിരല്ലെന്നും എന്നാൽ മൊഴി കൊടുത്ത ആളെന്ന നിലയിൽ അതിലെ വിശദാംശങ്ങൾ അറിയാൻ നിയമപരമായ അവകാശങ്ങളുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റിവച്ചതിനു രഞ്ജിനി മുഖ്യമന്ത്രിക്ക് നന്ദിയും പ്രകടിപ്പിച്ചു. റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനം സർക്കാർ മാറ്റിവച്ചിരുന്നു.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഇത്ര വലിയ സംഭവങ്ങളുണ്ടാകുമ്പോൾ അത് പരിശോധിക്കാൻ ഒരു എന്റർടെയ്ൻമെന്റ് ട്രിബ്യൂണൽ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. അല്ലെങ്കിൽ നികുതിദായകരുടെ പണം കൂടിയാണ് നഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാൻ തനിക്ക് നിയമപരമായ അവകാശമുണ്ട്. ഇക്കാര്യം വനിതാ കമ്മിഷൻ ഉറപ്പാക്കുമെന്നാണ് കരുതിയത്. അവർക്ക് കോടതിയിൽ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെടാമായിരുന്നു. എന്നാൽ അത് ചെയ്യുന്നതിൽ വനിതാ കമ്മിഷൻ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു. ‘‘ഞാൻ മൊഴി കൊടുത്തിട്ടുണ്ട്. അപ്പോള്‍ അതിന്‍റെ പകർപ്പ് കിട്ടുക എന്നത് നിയമപരമായ അവകാശമാണ്. മൊഴി കൊടുത്ത എല്ലാവർക്കും റിപ്പോർട്ടിന്റെ പകർപ്പ് കൊടുക്കണം. റിപ്പോർട്ട് പുറത്തുവരുന്നത് ഞാൻ തടസപ്പെടുത്തുന്നില്ല. അതു പുറത്തു വരണമെന്നാണ് ഞാനും ആവശ്യപ്പെടുന്നത്. എന്നാൽ അതിൽ എന്താണ് പുറത്തുവിടുന്നത് എന്നത് അറിയണം’’– രഞ്ജിനി പറഞ്ഞു.
‘നമ്മൾ കൊടുത്ത മൊഴിയിൽ എന്താണ് പുറത്തുവിടുന്നതെന്ന് ഇത്ര വർഷമായിട്ടും അറിയിച്ചിട്ടില്ല. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നിട്ട് ചിലർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കും? ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ആ റിപ്പോർട്ടിലുള്ളത്. അത് അത്രത്തോളം സെൻസിറ്റീവാണ്. അതുകൊണ്ടു തന്നെ വനിത കമ്മിഷനായിരുന്നു റിപ്പോർട്ട് ആവശ്യപ്പെടേണ്ടിയിരുന്നത്. ആ സാഹചര്യത്തിൽ നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിച്ചത്. കമ്മിറ്റിയെ കണ്ടപ്പോൾ അവർ ചോദ്യാവലി പൂരിപ്പിച്ചു നൽകിയിരുന്നു. പറയുന്ന കാര്യങ്ങൾ രഹസ്യമായിരിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു. ഇപ്പോൾ അക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറയുമ്പോൾ അതിൽ എന്താണുള്ളത് എന്നത് അറിയേണ്ടതുണ്ട്’’ – രഞ്ജിനി പറഞ്ഞു.