കൊച്ചി: സിനിമാ മേഖലയിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി വെളിപ്പെടുത്തി നടി ഉഷ. പ്രതികരിച്ചതിന്‍റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സഹനടിമാരും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കു വച്ചിട്ടുള്ളതായും ഉഷ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഉഷയുടെ തുറന്നു പറച്ചിൽ. പ്രമുഖ സംവിധായകനിൽ നിന്ന് ആദ്യ കാലഘട്ടത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സെറ്റിൽ ആദ്യം വലിയ സ്വാതന്ത്ര്യം നൽകും. പിന്നീട് ഫോൺ വിളിച്ച് റൂമിലേക്ക് വരാൻ ആവശ്യപ്പെടും. താൻ ബാപ്പയ്ക്കൊപ്പമാണ് അയാളുടെ റൂമിലേക്ക് പോയിരുന്നത്.
അതോടെ സെറ്റിൽ വച്ച് മോശമായി പെരുമാറാൻ തുടങ്ങി. നന്നായി അഭിനയിച്ചാലും നന്നായില്ലെന്നു പറയും. വല്ലാതെ അപമാനിക്കും. സഹിക്കാനാകാതെ വന്നപ്പോൾ താൻ ചെരിപ്പൂരി അടിക്കാൻ പോലും തുനിഞ്ഞിട്ടുണ്ട്. ആ സംവിധായകൻ മരിച്ചു പോയെന്നും ഉഷ പറഞ്ഞു.
ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി നൽകാൻ തയാറാകണം. താനഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഇത്തരം ചൂഷണമുണ്ടെന്നാണ് നടി ശാരദ പറയുന്നത്. ഇനിയും പരാതി നൽകിയില്ലെങ്കിൽ ഇതു തുടരും.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഉഷ പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. അന്ന് ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലായിരുന്നെന്നും ഉഷ പറഞ്ഞു.