അടൂർ‌ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ മുൻകൂർ ജാമ‍്യം തേടും

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അതിക്രമം നടന്നത്
adoor police station vandalism case updates

ശ്രീനാദേവി കുഞ്ഞമ്മ

Updated on: 

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ മുൻകൂർ ജാമ‍്യം തേടാനൊരുങ്ങി കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ.

അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് അനിശ്ചിതകാല സത‍്യാഗ്രഹം നടത്താനൊരുങ്ങുകയാണ് സിപിഎം. പി. ജയരാജനായിരിക്കും സമരം ഉദ്ഘാടനം ചെയ്യുന്നത്. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അതിക്രമം നടന്നത്. എറണാകുളത്തു നിന്ന് രാജൻ ജോസഫിനെ അടൂരിലെത്തിച്ചപ്പോഴാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് തടഞ്ഞത്.

ഇതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്. രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും മർദിക്കുന്നതും സിസിടിവി വിഡിയോയിൽ വ്യക്തമാണ്. സ്റ്റേഷന് അകത്തു കയറിയ സംഘം സെല്ലിനുള്ളിലുള്ള രാജൻ ജോസഫുമായി കയർത്തു സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയുന്ന 20 പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി എന്നിവർക്കെതിരേ കേസുണ്ടായിരുന്നില്ല. എന്നാൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് താൻ പൊലീസ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. തനിക്കെതിരേ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നാണ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്.