

#ജെറോം മൈക്കിൾ
ആലുവ: സംസ്ഥാനത്തു കോഴിയിറച്ചിക്കു പിന്നാലെ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു. മുട്ട ഒന്നിന് വില ഏഴ് രൂപയായി! കയറ്റുമതി കൂടിയതിനാൽ വില ഇനിയും കൂടിയേക്കാമെന്നാണു സൂചന. വേനലവധി കഴിഞ്ഞ് സ്കുളുകൾ തുറന്നതും മീനിന്റെ ലഭ്യത കുറഞ്ഞതുമാണ് കോഴിമുട്ടയ്ക്ക് വില കൂടാൻ ഒരു കാരണം. ഇന്നലെ മുട്ട ഒന്നിന് ഹോൾസെയിൽ വില 6 രൂപ 10 പൈസയായി. ചില്ലറ വില 7 രൂപയും.
ഏതാനും ദിവസങ്ങളായി ഇറച്ചിക്കോഴി വില കുതിച്ചുയരുകയാണ്. ഒരു കിലോയ്ക്ക് 230- 240 രൂപ വരെ എത്തി നില്ക്കുകയാണിപ്പോൾ. അതിനാൽ ചെറിയ ഹോട്ടലുകളിലെയും തട്ടുകടകളിലെയും തീൻമേശയിൽ നിന്നും കോഴി വിഭവങ്ങൾ ഒഴിവായി. വിൽക്കുന്ന കടകളിൽ കിട്ടുന്ന വിഭവത്തിന്റെ അളവു കുറവുമാണ്. ഇടയ്ക്ക് കോഴിവില 260 രൂപ വരെയെത്തിയിരുന്നു.
തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കോഴിമുട്ട വരുന്നത്. കോഴിത്തീറ്റയുടെ വില കൂടിയതും, വിദേശ രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി വർധിച്ചതുമാണ് വില ഉയരാൻ കാരണമായി എറണാകുളത്തെ മൊത്ത വ്യാപാരികൾ പറയുന്നത്.
എന്നാൽ, സ്കുളുകൾ തുറന്നതോടെ മുട്ടയുടെ വിൽപന വർധിച്ചതോടെ നാമക്കല്ലിലെ മുതലാളിമാർ കൊയ്ത്തുകാലമായി കണ്ട് വില വർധിപ്പിച്ചതാണന്നും സൂചനയുണ്ട്. ട്രോളിങ് നിരോധനം ആരംഭിച്ചതിനാൽ മീൻ ലഭ്യത കുറഞ്ഞതോടെ കോഴിമുട്ടയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്.
ചരിത്രത്തിലാദ്യമായാണ് മുട്ടയ്ക്ക് ഇത്രയധികം വില കൂടുന്നത് എന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ മാസം ചില്ലറ വില 5.50 രൂപയായിരുന്നു. നിലവിലെ വില വർധന കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, ആവശ്യത്തിന് മുട്ട കിട്ടുന്നില്ല എന്ന പരാതിയാണു കച്ചവടക്കാർ ഉന്നയിക്കുന്നത്.