കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കൈവിരൽ ശസ്ത്രക്രിയക്കെത്തിയ 4 വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയക്കെത്തിയത്. എന്നാൽ ശസ്ത്രക്രിയ നടത്തിയത് നാവിനാണ്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് ചോദിച്ചതായും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം തിരക്കുന്നത്. കൈയ്യിലെ ആറാം വിരൽ അത് പോലെ തന്നെ ഉള്ളതും കണ്ട വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു.
നഴ്സിനോട് വിവരം തെരക്കിയപ്പോൾ കൈയ്ക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതായും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്നാൽ കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നതായി മെഡിക്കൽ കോളെജ് സൂപ്രണ്ടിന്‍റെ വിശദീകരണം.