

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുലിനെതിരേ വീണ്ടും പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കെപിസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ 23 കാരിയാണ് പരാതിക്കാരി.
ക്രൂരമായി ബലാത്സഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തിട്ടും ബലമായി പീഡിപ്പിച്ചെന്നും ഫെനി നൈനാനും അനുയായികളും ഒപ്പമുണ്ടായിരുന്നെന്നും പറയുന്നു. സുഹൃത്തിന്‍റെ ഹോം സ്റ്റേയിലെത്തിയായിരുന്നു പീഡനം. സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. ഗർഭം ധരിക്കണമെന്നും ആവശ്യപ്പെട്ടു. ലൈംഗികാതിക്രമത്തിന് ശേഷം ശരീരമാകെ മുറിവുകളുണ്ടായെന്നും ശ്വാസം മുട്ടലുണ്ടായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് വിവാഹ വാഗ്ദാനം നൽകിയത്. താൻ വീട്ടിൽ പറഞ്ഞെങ്കിലും അവർ സമ്മതിച്ചിരുന്നില്ല. രാഹുൽ പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷനായതോടെ വീട്ടിൽ സമ്മതിച്ചു. ആലോചനയായി വീട്ടിൽ എത്താമെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ആദ്യ ലൈംഗികാതിക്രമത്തിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
2023 ൽ നടന്ന സംഭവമാണിത്. വിഷയത്തിൽ ക്രൈംബ്രാഞ്ച് വിവര ശേഖരണം നടത്തിയെങ്കിലും നിയമനടപടിക്കില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ആ സമയത്ത് തന്നെ യുവതി പാർട്ടിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചില്ലെന്ന് നേതൃത്വം അറിയിച്ചതോടെ യുവതി വീണ്ടും പരാതി നൽകുകയായിരുന്നു. ഭയന്നിട്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്നും ഇനിയൊരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവമുണ്ടാവരുതെന്നും യുവതി പറയുന്നു.