10 വർഷത്തിനിടെ 7 പ്രസവം: രണ്ട് വയസുകാരന്‍റെ മരണത്തിനു പിന്നാലെ അമ്മയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

പ്രസവശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്
alappuzha two years old died, mother sterilized

രണ്ട് വയസുകാരന്‍റെ മരണം, അമ്മയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

Updated on: 

ആലപ്പുഴ: പോഷകാഹാരക്കുറവു മൂലം ഹരിപ്പാട് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിനു പിന്നാലെ അമ്മയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. പത്ത് വർഷത്തിനിടെ ഏഴു തവണയാണ് യുവതി പ്രസവിച്ചത്. അവസാന പ്രസവശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

വന്ധ്യംകരണത്തിന് യുവതി ആദ്യം തയാറായിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളെജിലെ മാനസികാരോഗ്യ വിഭാഗം അധികൃതർ യുവതിയുമായി സംസാരിക്കുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം, കുടുംബത്തിന്‍റെ ഉത്തരവാദിത്വം. തുടർപ്രസവം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിച്ചു. ഇതോടെയാണ് വന്ധ്യംകരണം ചെയ്യാൻ യുവതി സമ്മതം അറിയിച്ചത്. ഒടുവിൽ ജനിച്ച കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

അതിനിടെ കുടുംബം താമസിച്ചിരുന്ന വീട് വാസയോഗ്യമല്ലെന്നുകാട്ടി കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ പേരിലാണ് ഏറെ പഴക്കമുള്ള വീട്. അധികൃതർ വ്യാഴാഴ്ച ഉച്ചയോടെ വീട്ടുടമയ്ക്കു നോട്ടീസ് കൈമാറി. അടച്ചുറപ്പില്ലാത്തതും പരിസരശുചിത്വമില്ലാത്തതും സുരക്ഷിതമായി താമസിക്കാൻ കഴിയാത്തതുമായ വീടാണിത്. അതിനാൽ വാസയോഗ്യമാക്കുംവരെ ആരെയും പാർപ്പിക്കാൻ പാടില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. വീട് പൊളിച്ചു മാറ്റുകയും സ്ഥലവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുകയും ചെയ്താൽ ലൈഫ് പദ്ധതിയിൽ വീട് നൽകാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com