
ആറന്മുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് പള്ളിയോട സേവാ സംഘം
പത്തനംതിട്ട: വള്ളസദ്യയിൽ ഇടഞ്ഞ് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. ദേവസ്വം ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്നാണ് ആരോപണം. ദേവസ്വം ബോർഡിന്‍റെ ഇടപെടൽ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നൽകി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. കൂടിയാലോചന നടന്നു എന്നും വള്ള സദ്യ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ജൂൺ പത്തിന് തിരുവനന്തപുരം നന്ദൻകോട് വെച്ച് നടന്ന യോഗത്തിൽ വള്ളസദ്യ ദേവസ്വം ബോർഡ് നടത്തണമെന്ന തീരുമാനം എടുത്തെന്നും ഹൈക്കോടതി നിർദേശമുണ്ടായിരുന്നെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ഈ യോഗത്തിൽ പള്ളിയോട സേവാ സംഘവും പങ്കെടുത്തിരുന്നെന്ന് ദേവസ്വം ബോർഡ് പറയുന്നു.
ആദ്യ യോഗത്തിൽ ആറന്മുള ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്, സെക്രട്ടറി, മൂന്ന് ക്ഷേത്ര ഉപദേശ സമിതിയംഗങ്ങൾ എന്നിവരും ജൂണിലെ യോഗത്തിൽ പള്ളിയോട സേവാ സമിതി പ്രസിഡന്‍റ്, സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങൾ എന്നിവരും പങ്കെടുത്തെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. എന്നാൽ പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്. ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച് ബുക്ക് ചെയ്യാം എന്നാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് പള്ളിയോട സേവാ സംഘത്തിന്‍റെ പ്രതിഷേധം.