ആറന്മുള വള്ളസദ്യ: ആചാര ലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം

അഷ്ടമരോഹിനി വള്ളസദ്യയുടെ അതേ മാതൃകയിൽ പരിഹാര ക്രിയ ചെയ്യണമെന്നാണ് ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശം.
Alleges violation of tradition in Aranmula valla sadya

ആറന്മുള വള്ളസദ്യ: ആചാര ലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം

Updated on

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ആചാര ലംഘനം നടന്നിട്ടില്ലെന്നും വിവാദം കുബുദ്ധിയിൽ ഉണ്ടായതാണെന്നും മന്ത്രി ആരോപിച്ചു. പള്ളിയോട സംഗമമാണ് സദ്യക്കു കൊണ്ടുപോയത്. 31 ദിവസത്തിനു ശേഷമാണ് വിവാദമുണ്ടായിരിക്കുന്നത്. അതേ സമയം മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോർഡ്. അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനം ഉദ്യോഗസ്ഥരാണ് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്നും അതുകൊണ്ടാണ് പ്രായശ്ചിത്തം നിർദ്ദേശിച്ചതെന്നും ക്ഷേത്രം തന്ത്രി വ്യക്തമാക്കി. അതേസമയം, ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുൻ നിലപാട് തിരുത്തിയ പള്ളിയോട സേവാ സംഘം സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചു.

അഷ്ടമിരോഹിണി ദിവസം ആറന്മുള ക്ഷേത്രത്തിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നതാണ് വിവാദം. ആചാരലംഘനം നടന്നെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചതോടെ വിവാദം ആളിക്കത്തി. സെപ്റ്റംബർ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യ ചടങ്ങിലെ പിഴവുകൾ രേഖാമൂലം പിന്നീട് അറിയിച്ചത് ആറന്മുളയിലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തന്നെയെന്ന് തന്ത്രി തുറന്നു പറഞ്ഞു. തനിക്ക് ലഭിച്ച രണ്ടു കത്തുകൾക്ക് പ്രായശ്ചിത്തം നിർദേശിച്ച് മറുപടി നൽകി.

തന്ത്രിയുടെ തുറന്നുപറച്ചിലോടെ ആചാരലംഘന വാർത്തയിൽ മാധ്യമങ്ങളെ പഴിച്ച് രംഗത്ത് ഇറങ്ങിയ സിപിഎമ്മും വെട്ടിലായി. ദേവസ്വം മന്ത്രിയെ ആചാരലംഘന വിവാദത്തിലേക്ക് വലിച്ചിട്ടത് ദേവസ്വം ഉദ്യോഗസ്ഥർ തന്നെ എന്ന് വ്യക്തമായതോടെ ബോർഡ് പ്രസിഡന്‍റ് വിശദീകരണം തേടി. ആറന്മുള അസി. കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ മറുപടി നൽകണം. വള്ളസദ്യ നടത്തിപ്പിന്‍റെ ഉത്തരവാദിത്വം എല്ലാം പള്ളിയോട സേവാ സംഘത്തിന് ആണെന്നും പി.എസ്. പ്രശാന്ത് പറയുന്നു.

ആചാരലംഘനം നടന്നിട്ടില്ലെന്ന് ആദ്യം പറഞ്ഞ പള്ളിയോട സേവാ സംഘവും നിലപാട് തിരുത്തി. വള്ളസദ്യ നടത്തിപ്പ് പൂർണ്ണമായി ഏറ്റെടുക്കാനുള്ള ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്‍റെ നേരത്തെ മുതലുള്ള ഗൂഢാലോചനയാണ് വിവാദത്തിന് എല്ലാം പിന്നിലെന്ന പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് ആരോപിച്ചു. അഷ്ടമരോഹിനി വള്ളസദ്യയുടെ അതേ മാതൃകയിൽ പരിഹാര ക്രിയ ചെയ്യണമെന്നാണ് ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശം. ഉപദേശക സമിതിയും ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും അതനുസരിക്കണം. സമയവും തീയതിയും അറിയിക്കാനാണ് തന്ത്രി പറഞ്ഞിരിക്കുന്നത്. ശബരിമലയ്ക്ക് പിന്നാലെ ആറന്മുള ക്ഷേത്രത്തിൽ ഉയർന്ന ആചാരലംഘന വിവാദവും ദേവസ്വം ബോർഡിനെയും മന്ത്രിയെയും കൂടുതൽ പ്രതിസന്ധിയിലാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com