
മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തു വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മലബാറിൽ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്.
ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തിൽ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. അതുവഴി മരണനിരക്കു ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോഴും ഈ രോഗത്തിനെതിരായ ജാഗ്രത ഒട്ടും കുറയരുത് എന്നാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ നിർദേശിക്കുന്നത്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്നതാണ് ഈ രോഗം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, മൂക്കിലേക്കു വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യാതിരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ആരോഗ്യ വകുപ്പു നിർദേശിക്കുന്നുണ്ട്. അടുത്തകാലത്തായി കേരളത്തിൽ രോഗബാധിതരായ പലരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് അത്രയും ആശ്വാസകരമാണ്. പുതിയ മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാൻ തുടങ്ങിയതു ഗുണം കണ്ടിട്ടുണ്ട്. തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകാൻ കഴിയുമ്പോഴാണു സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുന്നത്. അതിനാൽ ചികിത്സ വൈകാതെ നോക്കേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സർക്കാരിനും കഴിയണം. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുകയുണ്ടായി. രാജ്യത്ത് ആദ്യമായി ഈ മാർഗരേഖ പുറത്തിറക്കിയതു കേരളമാണ്.