

അര്‍ണബിന് പിന്നാലെ 'മുരാസു' ചുഴലിക്കാറ്റ്; ബുധനാഴ്ച വരെ മഴ തുടരും
file image
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നിങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ ചുഴലിക്കാറ്റിന് ഇന്ത്യ നിര്‍ദേശിച്ച "മുരാസു' എന്ന പേര് നല്‍കും.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാ ന്നിക്കോബാര് ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തികൂടിയ ന്യൂനമര്ദമായിരിക്കും ചുഴലിക്കാറ്റായി രൂപപ്പെടുക.
അടുത്ത ആറു മണിക്കൂറിനകം ഇതു തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇതു ചുഴലിക്കാറ്റായി മാറിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. തുടര്‍ന്ന് പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി നാളെ വൈകിട്ടോടെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താന്‍ സാധ്യതയുണ്ട്.
അതിശക്തമായ ചുഴലിക്കാറ്റായ 'അര്‍ണബി'ന്റെ ശേഷിപ്പ് തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴിയും നിലനില്ക്കുന്നു. തെക്കന്‍ കേരള-കര്‍ണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തെക്കന്‍ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയര്‍ന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുകയാണ്.
ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്. മറ്റന്നാള്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.