
എം.ബി. സന്തോഷ്
ലഹരി ഉപയോഗം കാരണം സംസ്ഥാനത്ത് വർധിച്ച് വരുന്ന കുറ്റകൃത്യങ്ങളുടെ വ്യാപനം സഭയിൽ അടിയന്തര പ്രമേയമായപ്പോൾ സഭനിർത്തിവച്ച് ചർച്ച ചെയ്യാൻ സന്നദ്ധമായി സർക്കാർ. കോൺഗ്രസ് എംഎൽഎ പി.സി. വിഷ്‌ണുനാഥ് നൽകിയ നോട്ടീസിൽ ലഹരിയെ ഒരു സാമൂഹിക വിപത്തായി അതീവ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അതിനാൽ സഭ നിർത്തി വച്ച് ചർച്ച ചെയ്യാമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. അതോടെ, സ്‌പീക്കർ എ.എൻ. ഷംസീർ ഉച്ചയ്ക്ക് 12 മണിക്ക് 2 മണിക്കൂർ സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് പ്രഖ്യാപിച്ചു.
വിഷ്ണുനാഥ് മുതൽ ചർച്ചയിൽ പങ്കെടുത്ത മിക്കവരും ഭരണ- പ്രതിപക്ഷ ഭേദം കൂടാതെ വിഷയത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട് രാഷ്‌ട്രീയം കലർത്താതെയാണ് പ്രസംഗിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാർ ലഹരിവിമുക്തിക്കായി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും അതിന് മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക കണക്കുകളുടെ പിൻബലത്തോടെ ചെയ്ത കാര്യങ്ങൾ എണ്ണിപ്പറയുകയും ചെയ്തതൊഴിച്ചാൽ ചർച്ചയിൽ കാര്യമായ രാഷ്‌ട്രീയമോ വിവാദമോ കടന്നുവന്നില്ല. പ്രമേയവതാരകനെ ഭരണപക്ഷത്തെ മിക്കവാറും അംഗങ്ങൾ അനുമോദിച്ചതുൾപ്പെടെ സമീപകാലത്തെ ആരോഗ്യകരമായ ചർച്ചയായിരുന്നു ഇത്. ക്ഷുദ്രമായ തർക്കങ്ങളുടെ വേദിയായി ഈ വിഷയത്തെ മാറ്റരുതെന്ന മന്ത്രിയുടെ മറുപടിയെ തുടർന്ന് വിഷ്ണുനാഥ് പ്രമേയം പിൻവലിക്കുകയായിരുന്നു. അതോടെ, വോട്ടെടുപ്പ്, ഇറങ്ങിപ്പോക്ക് എന്നിവ ഒഴിവായി.
ബജറ്റ് ചർച്ചയുടെ രണ്ടാം ദിനം അനൂപ് ജേക്കബ് സംസാരിച്ച് തീർന്ന ഉടൻ സ്പീക്കർ "സഭാ നടപടികൾ നിർത്തിവയ്ക്കണം' എന്ന പ്രമേയം അവതരിപ്പിക്കാൻ വിഷ്ണുനാഥിനെ ക്ഷണിച്ചു. കോഴിക്കോട് താമരശേരി അടിവാരത്ത് ആഷിക് എന്ന യുവാവ് "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷ'യായി ഉമ്മയെ കൊന്നത് ഹൃദയസ്പർശിയായി വിവരിച്ചാണ് അദ്ദേഹം പ്രമേയാവതരണം തുടങ്ങിയത്. തന്‍റെ മണ്ഡലമായ കുണ്ടറയിൽ ലഹരിക്കടിമയായ യുവാവ് അമ്മയെയും മുത്തച്ഛനേയും തലയ്ക്കടിച്ചു കൊന്നതുൾപ്പെടെ സമീപകാല സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വരുന്നു. സൂക്ഷ്മവും ജാഗ്രതയോടുള്ള നിരീക്ഷണത്തിലും പരിശോധനയിലും മാത്രമേ ഇതിന് തടയിടാൻ സാധിക്കുകയുള്ളൂ. വിദ്യാർഥികൾ ക്യാരിയർമാരായി മാറുന്നു. ലഹരിക്കുടത്തിൽ നിന്ന് പുറത്തുവന്ന ഭൂതം കേരളത്തെ വരിഞ്ഞുമുറുക്കുകയാണെന്ന് വിഷ്‌ണുനാഥ് പറഞ്ഞു.
എൽപി സ്കൂളിൽ വരെ ലഹരിവിതരണമുണ്ടെന്ന് പുതുപ്പരിയാരം പഞ്ചായത്തിലെ സ്കൂളിൽ നേരിട്ട അനുഭവം എ. പ്രഭാകരൻ(സിപിഎം) വിവരിച്ചു: "അവിടെ എൽപി സ്കൂൾ വിദ്യാർഥികൾക്ക് ഒരുതരം മിഠായി വിതരണം ചെയ്യുന്നു. അതു തടയാൻ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടന്നില്ല. ഹെഡ്മാസ്റ്റർ പറഞ്ഞതനുസരിച്ച് താൻ ഇടപെട്ട് ഓവർബ്രിജ് കെട്ടി ലഹരി വിതരണം തടഞ്ഞു.' കുട്ടികള്‍ ഇത്തരം പ്രവൃത്തികളിൽ ഏര്‍പ്പെടുമ്പോള്‍ തന്‍റെ മകന്‍ അങ്ങനെ ചെയ്യില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നുവെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് മാഫിയയെ അറിഞ്ഞോ അറിയാതെയോ കയറൂരിവിട്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അൻവർ സാദത്ത്(കോൺ ഐ) സർക്കാർ സംവിധാനം സർവസജ്ജമായി മുന്നോട്ടുപോയാലേ പ്രശ്നപരിഹാരമുണ്ടാവൂ എന്ന് അറിയിച്ചു. നമ്മളെല്ലാവരും ഒരുമിച്ച് ഉദ്യോഗസ്ഥർക്ക് ലഹരി മാഫിയയെ നേരിടാനുള്ള മനോധൈര്യം ഉദ്യോഗസ്ഥർക്ക് നൽകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യർഥന.
അണലി വിഷം പോലെ കേരളീയ ജനതയുടെ ഓരോ അടരിലേയ്ക്കും പടർന്നുപിടിക്കുന്ന രാസലഹരിയെ നേരിടാൻ സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് ബോധവത്കരണം വേണമെന്നും കായിക- കലാ സംരംഭങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പി. ബാലചന്ദ്രൻ (സിപിഐ) നിർദേശിച്ചു.
കേരളത്തിൽ ഇന്ന് വളർന്നുവരുന്ന ഒരേയൊരു മേഖല ലഹരി ഉപഭോഗമാണെന്ന് കുറുക്കോളി മൊയ്തീൻ (മുസ്‌ലിം ലീഗ്) ആരോപിച്ചു.1,057 സ്കൂളുകൾ ലഹരി മാഫിയയുടെ വലയിലാണെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. 11 വയസായ പെൺകുട്ടിയെപ്പോലും ലഹരി മാഫിയ ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം പരിതപിച്ചു.
തന്‍റെ മണ്ഡലമായ പൂഞ്ഞാറിൽ "ഫ്യൂച്ചർ എഡ്യുക്കേഷൻ പ്രൊജക്റ്റ്' എന്ന സ്വന്തം പദ്ധതിയുടെ ഭാഗമായ ദന്തപരിശോധനയുടെ ഭാഗമായി ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രതിരോധ സംവിധാനം ഒരുക്കിയത് വിവരിച്ച സെബാസ്റ്റ്യൻ കുളത്തുങ്കലിനെ (കേരള കോൺ- എം) സഭ പ്രശംസിച്ചു. മുഹമ്മദ് മഹസിൻ (സിപിഐ) പട്ടാമ്പിയിൽ നടപ്പാക്കിയ പദ്ധതി സ്പീക്കർ ഷംസീർ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച ഗുണ്ടാസംഘം എക്സൈസ് ഉദ്യോഗസ്ഥന്‍റെ കഴുത്തിൽ കുപ്പി പൊട്ടിച്ച് കുത്തിയ ആളെ പാടുപെട്ട് പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോൾ "നിങ്ങൾക്ക് എന്തെങ്കിലും പ്രയാസം
പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായോ' എന്നുചോദിച്ച് അവരെ വിട്ടയച്ചതാണ് കാനത്തിൽ ജമീല (സിപിഎം) വിവരിച്ചത്. ലഹരി ഉപയോഗിക്കാനും പെട്ടെന്ന് കൊല്ലാൻ പഠിപ്പിക്കുകയും ചെയ്യുന്ന സിനിമകളെയും ടിവി പരമ്പരകളെയും അവർ വിമർശിച്ചു.
കൊവിഡിനേക്കാൾ ഏറ്റവും വേഗത്തിൽ പടർന്നു പന്തലിക്കുന്ന മഹാമാരിയായ രാസലഹരിയെ ക്രിയാത്മകവും സർഗാത്മകവുമായ പ്രവർത്തനങ്ങളിലൂടെ നേരിടണമെന്ന് കെ.കെ. രമ (ആർഎംപി) അഭിപ്രായപ്പെട്ടു.
ലഹരിക്കെതിരേ ഡിവൈഎഫ്ഐ നടത്തുന്ന ജാഗ്രതാ പരേഡിൽ പങ്കെടുത്താണ് താൻ നിയമസഭയിലെത്തിയതെന്ന് പറഞ്ഞ കെ.എം. സചിൻദേവ് (സിപിഎം) ലഹരി ഉപയോഗത്തിന്‍റെയും വ്യാപനത്തിന്‍റെയും കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം വളരെ പിന്നാലാണെന്ന് കണക്കുകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയുള്ള ലഹരിക്കടത്ത് തടയാൻ കേന്ദ്രസർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്നായിരുന്നു അഹമദ് ദേവർകോവിലിന്‍റെ (ഐഎൻഎൽ) ചോദ്യം. വിപുലമായ പ്രചാരണത്തിലൂടെ പുകവലി കുറയ്ക്കാനായതുപോലെ ലഹരിക്കെതിരെ അവബോധം വ്യാപകമാക്കണമെന്ന് കെ.വി. സുമേഷ് (സിപിഎം) ആവശ്യപ്പെട്ടു. ലഹരിവ്യാപനം ലോകമാകെയുള്ള പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളീയ യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലഹരിയുടെ കേന്ദ്രമായി കേരളം മാറിയെന്ന് ആരോപിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്. എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുകളും ഉള്‍പ്പെടെയുള്ള രാസലഹരിയാണ് കേരളത്തിലേക്ക് വരുന്നത്. പഴയ കഞ്ചാവിന്‍റെ കാലമൊക്കെ പോയി. കഞ്ചാവിന്‍റെ ഉപയോഗം കുറയാന്‍ കാരണം തന്നെ രാസലഹരി
വസ്തുക്കളുടെ ഉപയോഗം കൂടിയതാണ്. അന്താരാഷ്‌ട്ര പ്രതിഭാസമൊന്നുമല്ല കേരളത്തിലെ ലഹരിക്കടത്തെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം 2022ൽ ഇതേ വിഷയം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് ചെയ്യുമെന്ന് പറഞ്ഞതൊന്നും ചെയ്തില്ല. പ്രതിപക്ഷം 2022 ല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിന്‍റെ പതിന്മടങ്ങ് വര്‍ധിച്ചില്ലേ? അക്രമം വര്‍ധിച്ചില്ലേ? അക്രമം മാത്രമല്ല, അക്രമത്തിന്‍റെ രീതി തന്നെ മാറി. എത്ര ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ്
നടക്കുന്നത്? കേട്ടാല്‍ ചങ്ക് തകര്‍ന്നു പോകുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇക്കാര്യത്തിൽ ഗൗരവനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സതീശൻ അഭ്യർഥിച്ചു.
യുഎൻഒഡിസിയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രി എം.ബി. രാജേഷ് മറുപടി പ്രസംഗം ആരംഭിച്ചത്.2011ൽ ലോകത്തൊട്ടാകെ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ 24 കോടി ആയിരുന്നെങ്കിൽ 2022ൽ അത് 29.6 കോടിയായി. ഈ കാലയളവിൽ ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗത്തിൽ ഏറ്റവും പിന്നിലാണ് കേരളം. ഇതിനർഥം ആശ്വസിക്കാമെന്നല്ല. കേരളം ലഹരിയുടെ കേന്ദ്രമായിട്ടില്ല. ലോകത്തും ഇന്ത്യയിലും കൂടുന്നതിന് ആനുപാതികമായി ലഹരി ഉപയോഗം സംസ്ഥാനത്തും
കൂടുന്നു. തിങ്കളാഴ്ചത്തെ പിഐബി റിപ്പോർട്ടനുസരിച്ച് 25,000 കോടി രൂപയുടെ മയക്കുമരുന്നാണ് 2024ൽ രാജ്യത്ത് പിടികൂടിയത്. 2023നെ അപേക്ഷിച്ച് 55 ശതമാനം വർധന. എന്നാൽ, കേരളത്തിൽ ആകെ പിടിച്ചത് 60 കോടിയുടേതാണ്. ഏറ്റവും കുറച്ച് മയക്കുമരുന്ന് പിടിച്ചതും ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തതും കേസെടുത്തതും കേരളത്തിലാണെന്ന് മന്ത്രി വിശദീകരിച്ചു.
മയക്കുമരുന്നുകാരിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് കേരള പൊലീസ്, എക്സൈസ് വിഭാഗങ്ങൾ ഹൈദരാബാദ്, ആൻഡമാൻ, ഡൽഹി എന്നിവിടങ്ങളിൽപോയി നടത്തിയ ഇടപെടലുകൾ മന്ത്രി വാർത്തകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. ലഹരിക്കെതിരേ 2022ൽ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷം 3 ഘട്ട പ്രചാരണം കഴിഞ്ഞ് നാലാം ഘട്ടത്തിലാണ്. "ലഹരിക്കെതിരെ ഫുട്ബോൾ ലഹരി' എന്ന ലോക കപ്പ് സമയത്തെ പരിപാടിയിൽ 2 കോടിപ്പേരാണ് ഗോളടിക്കാനെത്തിയത്. നമ്മുടെ മാതൃക കണ്ട് പഞ്ചാബ്, മേഘാലയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇവിടെ പഠിക്കാനായി വന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടയിലാണ് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എഴുന്നേറ്റത്. മദ്യ മാഫിയയുടെ ഇങ്ങേത്തട്ടിലെ ആളുകളെ പിടികൂടുന്നതിനു പകരം കണ്ണി തകർക്കാൻ എന്ത് ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഹൈദരാബാദിലെ ശതകോടീശ്വരനും ഡൽഹിയിലെ മൂർഖൻ ഷാജിയും ഉൾപ്പെടെയുള്ളവരെ പിടികൂടിയത് ചൂണ്ടിക്കാട്ടി അതുപറയുമ്പോൾ, തിരുവഞ്ചൂർ സഭയിലില്ലായിരുന്നുവെന്നു മന്ത്രി മറുപടി നൽകി.
ചർച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താൽ ഇനി മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് നൽകില്ലെന്ന് സ്പീക്കറുടെ മുന്നറിയിപ്പ് ഇതിനിടെ വന്നു. പരസ്പരമുള്ള ഷട്ടിൽ കളിയല്ല നിയമസഭയിലെ ചർച്ചയെന്നും സ്പീക്കർ ഓർമിപ്പിച്ചു. ഇനി ചെയറിന്‍റെ അനുമതിയോടെയേ ചോദ്യങ്ങൾക്ക് വഴങ്ങൂ എന്ന് മന്ത്രി രാജേഷും അറിയിച്ചു.
യു. പ്രതിഭ (സിപിഎം): എക്‌സൈസ് കേസെടുക്കുമ്പോള്‍ ശരിയായ പരിശോധന നടത്താനുള്ള സംവിധാനമുണ്ടോ? ആവശ്യമായ പരിശോധന നടത്തിയിട്ടാണോ കേസെടുക്കുന്നത്?
എം.ബി. രാജേഷ്: തെറ്റായ രീതിയിലോ പകപോക്കല്‍ രീതിയിലോ കേസെടുത്താല്‍ അത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ചാലക്കുടിയിലെ കേസൊക്കെ അറിയാവുന്നതാണല്ലോ.
പ്രതിഭയുടെ മകനെതിരേ എക്സൈസ് കേസെടുത്തതാണ് അപ്പോൾ അത് കേട്ടിരുന്നവർ ഓർത്തത്.
ഇ സിഗരറ്റിലൂടെ ലഹരി കടന്നുവരുന്നുവെന്നായി ടി. സിദ്ദിഖ് (കോൺ ഐ). അതിന് നിരോധനമില്ലെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി. അതിനെപ്പറ്റി ആധികാരികമായി പറയാൻ പറ്റില്ലെന്നും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
"ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തണം. എത്രമാത്രം ശക്തിപ്പെടുത്തിയാലും അധികമാവില്ല. നമുക്കിടയിലെ യോജിപ്പാണ് അതിന് വേണ്ടത്'- മന്ത്രി രാജേഷ് അഭ്യർഥിച്ചു.
"ഉപക്ഷേപം പ്രസ് ചെയ്യുന്നുണ്ടോ'എന്ന് സ്പീക്കർ. "ഇല്ലെ'ന്ന് വിഷ്ണുനാഥിന്‍റെ മറുപടി. അതോടെ ഉപക്ഷേപം പിൻവലിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു.