വാർഡ് വിഭജന ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി

പ്രതിപക്ഷം സ്പീക്കറുടെ ചെയറിനു മുമ്പില്‍ പ്രതിഷേധിച്ചതോടെ അതിവേഗത്തില്‍ അജൻഡ ഭേദഗതി ചെയ്ത് ബില്‍ പാസാക്കുകയായിരുന്നു.
കേരള നിയമസഭ
കേരള നിയമസഭ

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിൽ ചർച്ചയില്ലാതെ നിയമസഭയിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ല് പാസാക്കി ഭരണപക്ഷം. അതേസമയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ പാസാക്കിയ സുപ്രധാന ബില്ലിനെതിരേ സ്പീക്കർക്കു പ്രതിപക്ഷം കത്തു നൽകി. ചട്ട ലംഘനം ആരോപിച്ചാണു കത്തു നൽകിയത്. ബാർ കോഴ വിഷയം ഉന്നയിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണു തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ലുകളായ മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് രാജ് ബില്ലുകള്‍ ഭരണപക്ഷം പ്രതിപക്ഷത്തെ അടുപ്പിക്കാതെ പാസാക്കിയെടുത്തത്. ഇതിനായി സമ്മേളന അജൻഡയും ഭേദഗതി ചെയ്തു.

ജൂലൈ 25 വരെ സമ്മേളനം ഉണ്ടെന്നിരിക്കെ ഇത്ര ധൃതി വച്ച് ബില്‍ പാസാക്കിയതിന് പിന്നിലെ ഉദ്ദേശ്യം ദുരൂഹമാണെന്നാണു പ്രതിപക്ഷ ആരോപണം. സാധാരണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് ഭേദഗതികള്‍ ഉണ്ടെങ്കില്‍ വരുത്തി തുടര്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയാണു പതിവ്. ബില്‍ ചര്‍ച്ച ചെയ്ത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടതിനു ശേഷം ഈ സഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷം സ്പീക്കറുടെ ചെയറിനു മുമ്പില്‍ പ്രതിഷേധിച്ചതോടെ അതിവേഗത്തില്‍ അജൻഡ ഭേദഗതി ചെയ്ത് ബില്‍ പാസാക്കുകയായിരുന്നു.

പ്രതിപക്ഷം സഹകരിക്കാതിരുന്നതിനാലാണ് വേഗത്തില്‍ ബില്‍ പാസാക്കിതെന്നായിരുന്നു ഇതിനു തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നല്‍കിയ വിശദീകരണം. സഭാതലം നിശ്ചലമാകുന്നതരത്തിലുള്ള അസാധാരണ പ്രതിഷേധങ്ങള്‍ ഉയരുന്ന അത്യസാധാരണ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ബിസിനസ് തടസപ്പൊടാതിരിക്കാനുള്ള ധനകാര്യബില്ലുകളാണ് ഇത്തരത്തില്‍ പാസാക്കാറുള്ളത്.

സഭ സമ്മേളിക്കുമ്പോഴും നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ അജൻഡയിലെ അനിവാര്യമായി പൂര്‍ത്തീകരിക്കേണ്ട ബിസിനസുകള്‍ പരിഗണിച്ച ശേഷം സഭ പിരിയുന്ന രീതിയാണ് സാധാരണ സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍, പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ അജൻഡയില്‍ വ്യക്തമാക്കിയതിന് വ്യത്യസ്തമായി ബില്ലുകള്‍ പരിഗണനയ്ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കുവാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയുമാണ് ഉണ്ടായത്.

ബില്‍ നേരത്തെ മന്ത്രിസഭ ഓര്‍ഡിനന്‍സായി പുറത്തിറക്കിയിരുന്നു. ഇതിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ചൂണ്ടികാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി. തുടര്‍ന്നു ചീഫ് സെക്രട്ടറി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി തേടി. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. തുടര്‍ന്നാണ് ബില്ലായി നിയമസഭയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്‍ ഗവര്‍ണര്‍ക്ക് അയയ്ക്കും. ഗവര്‍ണര്‍ ഒപ്പിട്ടാലെ നിയമമാകൂ. അസാധാരണമായി പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതിലും സര്‍ക്കാരിന് ആശങ്കയുണ്ട്.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനർനിർണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം നേരത്തേ അംഗീകാരം നല്‍കിയിരുന്നു. പഞ്ചായത്തീ രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേഗഗതി വരുത്തിയായാണ് ഓര്‍ഡിനന്‍സ് ഇറക്കാൻ തീരുമാനിച്ചത്. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ മാത്രമായി പ്രത്യേകം മന്ത്രിസഭായോഗം ചേരുകയായിരുന്നു. പുനര്‍നിര്‍ണയത്തില്‍ പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷന്‍ വരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂടും. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ കമ്മിഷന്‍ രൂപീകരിക്കും. ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അടുത്ത വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാന്‍ തീരുമാനം. 2011 ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുനഃക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തില്‍ 1000 പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 2011ലായിരുന്നു അവസാനമായി വിഭജനം ഉണ്ടായത്. 2015ല്‍ ചില വാര്‍ഡുകളുടെ പുനര്‍നിര്‍ണയം മാത്രമാണ് നടന്നത്. 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും പുതുതായി രൂപീകരിച്ചു. പഞ്ചായത്തുകളുടെ രൂപീകരണം കോടതി തടഞ്ഞിരുന്നു. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവില്‍ 15,962 വാര്‍ഡുകള്‍ ഉണ്ട്. പുനര്‍വിഭജനത്തിലൂടെ 941 വാര്‍ഡുകള്‍ കൂടും.

87 മുനിസിപ്പാലിറ്റികളില്‍ മട്ടന്നൂര്‍ ഒഴികെയുള്ളവയിലായി 3078 വാര്‍ഡും 6 കോര്‍പറേഷനുകളില്‍ 414 വാര്‍ഡുമുണ്ട്. ഇവയിലും ഓരോ വാര്‍ഡ് വീതം കൂടും. മട്ടന്നൂരിലെ വാര്‍ഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 വാര്‍ഡും 14 ജില്ലാ പഞ്ചായത്തുകളില്‍ 331 ഡിവിഷനുകളുമാണുള്ളത്. കോർപ്പറേഷനുകളിലേത് കുറഞ്ഞത് 55 ല്‍ നിന്ന് 56 ആയും പരമാവധി 100 ല്‍ നിന്ന് 101 ആയും വർധിക്കും.‌ വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ ജനസംഖ്യാവര്‍ധനവിന്‍റെ കണക്കില്ല. അതുകൊണ്ടാണ് നിയമ ഭേദഗതിയും ഓര്‍ഡിനന്‍സും വേണ്ടിവരുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് പുനര്‍നിര്‍ണയമാണ് ഉദ്ദേശിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com