
സതീഷ്, അതുല‍്യ
കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നതെന്ന് കേസിന്‍റെ അന്വേഷണ ചുമതലയുള്ള കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന അറിയിച്ചു. സതീഷിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമം തുടരുകയാണെന്നും എഎസ്‌പി പറഞ്ഞു.
സതീഷിന്‍റെ മാനസിക - ശാരീരിക പീഡനം മൂലമാണ് അതുല‍്യ ആത്മഹത‍്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കൊലക്കുറ്റം ചുമത്തി സതീഷിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, അതുല‍്യയുടെ മൃതദേഹം നേരത്തെ നാട്ടിലെത്തിച്ചിരുന്നു. റീ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ടോടെയാണ് സംസ്കാരം. പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.