കാഥികനും നാടക നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

അയിലം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് രക്തപുഷ്പങ്ങള്‍ എന്ന കഥ പറഞ്ഞായിരുന്നു അരങ്ങേറ്റം.
Ayilam unnikrishnam passes away

അയിലം ഉണ്ണികൃഷ്ണൻ

Updated on

തിരുവനന്തപുരം: പ്രശസ്ത കാഥികനും നാടക നടനും സംവിധായകനുമായ പാങ്ങപ്പാറ നിഷയില്‍ അയിലം ഉണ്ണികൃഷ്ണന്‍ (73) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഭാരത് ഭവനിലും 11.30 മുതല്‍ 3 വരെ പാങ്ങപ്പാറയിലെ വസതിയായ നിഷാ നിവാസിലും പൊതുദര്‍ശനത്തിനും ശേഷം 3.30ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്‌കരിക്കും.

കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും തോന്നയ്ക്കല്‍ കുമാരനാശാന്‍ അന്തര്‍ദേശീയ സാംസ്‌കാരിക സമിതിയുടെ മുന്‍ സെക്രട്ടറിയും നന്മയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1952 ല്‍ വര്‍ക്കല എസ്എൻ കോളെജില്‍ പഠിക്കുമ്പോഴാണ് അയിലം ഉണ്ണികൃഷ്ണന്‍ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. ചെറുപ്പം മുതല്‍ സംഗീതജ്ഞന്‍ കുഞ്ഞിശങ്കരന്‍ ഭാഗവതര്‍ക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങള്‍ക്കും പോകാറുണ്ടായിരുന്നു. സാംബശിവന്‍റെയും കെടാമംഗലം സദാനന്ദന്‍റെയും കഥാപ്രസംഗങ്ങള്‍ ഉണ്ണികൃഷ്ണന് പ്രചോദനമായി. തുടര്‍ന്ന് മണമ്പൂര്‍ ഡി. രാധാകൃഷ്ണന്‍റെ ശിഷ്യത്വം നേടി.

ആദ്യ വര്‍ഷം തന്നെ 42 കഥകളാണ് അയിലം ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചത്. അയിലം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് രക്തപുഷ്പങ്ങള്‍ എന്ന കഥ പറഞ്ഞായിരുന്നു അരങ്ങേറ്റം. കേരള സംസ്ഥാന പുരസ്‌കാരം, സാംബശിവന്‍ പുരസ്‌കാരം, കെടാമംഗലം പുരസ്‌ക്കാരം, പറവൂര്‍ സുകുമാരന്‍ പുരസ്‌കാരം, ഇടക്കൊച്ചി പ്രഭാകരന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ സന്താനവല്ലി. രാജേഷ് കൃഷ്ണ, രാഗേഷ് കൃഷ്ണ എന്നിവര്‍ മക്കളാണ്.

മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു

കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. സാംബശിവന്‍റെയും കെടാമംഗലം സദാനന്ദന്‍റെയും പിന്‍ഗാമിയായി കഥാപ്രസംഗ രംഗത്ത്‌ പ്രശസ്തി നേടുവാന്‍ കഴിഞ്ഞ കലാകാരനായിരുന്നു അയിലം ഉണ്ണികൃഷ്ണന്‍ എന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ കാലഘട്ടത്തിലും കഥാപ്രസംഗ കലയുടെ ജനകീയത നിലനിര്‍ത്തുവാന്‍ ശ്രമിച്ച കലാകാരനായിരുന്നു അദ്ദേഹം. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുവാന്‍ അയിലം ഉണ്ണികൃഷ്ണന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com