തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറരുതെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരോട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. അശ്രദ്ധമായ ഡ്രൈവിങ്ങും വേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബസില്‍ കയറുന്നവരോട് എളിമയോടെ പെരുമാറണം. ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ഖേദകരമായ സാഹചര്യത്തിലാണ് പറയേണ്ടിവന്നത്. ലഭിക്കുന്ന പരാതികളില്‍ ബഹുഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാരേയും കണ്ടക്ടര്‍മാരേയും കുറിച്ചാണ്. കണ്ടക്ടര്‍മാരുടെ അപമര്യാദയായുള്ള പെരുമാറ്റം, ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗതയും. 3000 ബസ് ഓടുന്ന കെഎസ്ആര്‍ടിസിയേക്കാള്‍ വളരെകുറച്ച് സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ മാരകമായ അപകടവും മരണങ്ങളും സൃഷ്ടിക്കുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കര്‍ശനമായ നടപടിയുണ്ടാവും.
മന്ത്രിയുടെ ഉത്തരവായി കണ്ടാല്‍മതി. ബസില്‍ കയറുന്നവരോട് എളിമയോടെ പെരുമാറണം. ജനങ്ങള്‍ യജമാനന്മാരാണ്. വാഹനത്തില്‍ കയറുന്നവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടാണ് നിങ്ങള്‍ ശമ്പളം വാങ്ങുന്നത്. കെഎസ്ആര്‍ടിസിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഒരു കാരണവശാലും മര്യാദയില്ലാത്ത സംഭാഷണം പാടില്ല. അംഗപരിമിതരേയും വൃദ്ധരേയും പിടിച്ചുകയറ്റണം. അംഗപരിമിതര്‍ക്കുവേണ്ടി സംവരണംചെയ്ത സീറ്റില്‍ ആരിരുന്നാലും എഴുന്നേല്‍പ്പിച്ചുവിടണം. വഴക്കൊന്നുമുണ്ടാക്കാതെ മാന്യമായി പറഞ്ഞ് മാറ്റണം.പെരുമാറ്റവും അശ്രദ്ധമായ ഡ്രൈവിങ്ങും കെഎസ്ആര്‍ടിസിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നു. കര്‍ശനമായ നടപടിയുണ്ടാവും. അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരാവദിത്തവും ചെലവും നിങ്ങളുടെ തലയില്‍വെക്കും. ഒരു സംശയവും വേണ്ട, കെഎസ്ആര്‍ടിസി ഒരു പൈസയും ചെലവാക്കില്ല. നിങ്ങള്‍ വല്ല പ്രൈവറ്റ് ബസും ഓടിച്ചുവന്നവരായിരിക്കും. അതൊന്നും നമ്മള്‍ക്ക് അറിയേണ്ടകാര്യമില്ല. കെഎസ്ആര്‍ടിസി സര്‍ക്കാരിന്‍റേതാണ്, ജനങ്ങളോട് പ്രതിബദ്ധതയുള്ള സ്ഥാപനമാണ്. ഒരു പ്രസ്ഥാനത്തില്‍ ജോലിചെയ്യുമ്പോള്‍ അതിന്‍റെ സ്വഭാവം പിന്തുടര്‍ന്നേ പറ്റൂ.
മേജര്‍ ആക്‌സിഡന്‍റ് ആണെങ്കില്‍ കര്‍ശന നടപടിയായിരിക്കും. വണ്ടി തട്ടുന്നിടത്തുനിന്ന് അടിയും ബഹളവുമൊന്നും ഉണ്ടാക്കേണ്ട. നിയമത്തിന്‍റെ വഴി സ്വീകരിക്കുക. ചെറിയ വണ്ടികളെക്കൊണ്ടിടിച്ചിട്ട് ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്തുണ്ടെങ്കില്‍ നമ്മളത് പരിഹരിക്കും. കെഎസ്ആര്‍ടിസി എംഡിയുടെ നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാം. ഒരു കാരണവശാലും മോശമായി പെരുമാറരുത്. അശ്രദ്ധമായി പെരുമാറരുതെന്നും മന്ത്രി ജീവനക്കാരോട് നിര്‍ദേശിച്ചു.