സംവിധായകൻ രഞ്ജിത് മോശമായി പെരുമാറിയെന്ന് നടി; ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു

മുടിയിലും കഴുത്തിലും സ്പർശിക്കാനൊരുങ്ങിയതോടെ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങിപ്പോയെന്നും ആ രാത്രി മുഴുവൻ ഭയന്നാണ് കേരളത്തിൽ കഴിച്ചു കൂട്ടിയതെന്നും നടി പറയുന്നു.
Director  renjit
സംവിധായകൻ രഞ്ജിത്
Updated on

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും പ്രതികരിച്ചതിനാൽ സിനിമയിൽ അവസരം നഷ്ടപ്പെട്ടുവെന്നും താരം വെളിപ്പെടുത്തി.‌ നിലവിൽ ചലച്ചിത്ര അക്കാഡമി ചെയർമാനാണ് രഞ്ജിത്.

ഓഡിഷനായി കേരളത്തിൽ എത്തിയ തന്നെ പാലേരി മാണിക്യത്തിന്‍റെ നിർമാതാവ് ഉൾപ്പെടെയുള്ളവരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയത്. സംസാരത്തിനിടെ അടുത്തേക്കു വന്ന രഞ്ജിത് ആദ്യം വളകളിൽ തൊട്ടു. വളകളോടുള്ള കൗതുകമാണെന്നാണ് ആദ്യം ധരിച്ചത്. പിന്നീട് മുടിയിലും കഴുത്തിലും സ്പർശിക്കാനൊരുങ്ങിയതോടെ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങിപ്പോയെന്നും ആ രാത്രി മുഴുവൻ ഭയന്നാണ് കേരളത്തിൽ കഴിച്ചു കൂട്ടിയതെന്നും നടി പറയുന്നു.

തിരിച്ച് ഹോട്ടൽ മുറിയിലെത്തിയിട്ടും ഭയം മാറിയിരുന്നില്ല. വാതിൽ ആരെങ്കിലും തള്ളിത്തുറക്കുമോയെന്ന് ഭയന്ന് സോഫ വാതിലിനോട് ചേർത്തിട്ടാണ് ഇരുന്നത്. തിരിച്ചു പോകാനായി ടിക്കറ്റ് എടുത്തു തരാൻ പോലും സിനിമാ നിർമാതാവ് തയാറായില്ല. സംഭവത്തെക്കുറിച്ച് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല. പ്രതികരിച്ചതിനാൽ പാലേരി മാണിക്യത്തിലും മറ്റൊരു മലയാള സിനിമയിലും തനിക്ക് അവസരം ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com