
ടി.പി.രാമകൃഷ്ണൻ
കോഴിക്കോട്: പൊതു പണിമുടക്ക് നടത്തുന്ന ബുധനാഴ്ച ബസുകൾ റോഡിലിറങ്ങുന്ന പ്രശ്നമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സമരവുമായി സഹകരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന പരസ്യ ഭീഷണിയും അദ്ദേഹം പുറപ്പെടുവിച്ചു.
കെഎസ്ആർടിസി ബസുകൾ പണിമുടക്കിൽ പങ്കാളികളാകില്ലെന്ന മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ എൽഡിഎഫ് കൺവീനർ തള്ളിക്കളഞ്ഞിട്ടുണ്ട്. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ല. അദ്ദേഹം ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നും രാമകൃഷ്ണൻ.
കെഎസ്ആർടിസിയുടെ മാനേജ്മെന്‍റ് മന്ത്രിയല്ല. എംഡിക്കാണ് തൊഴിലാളികൾ പണിമുടക്കുമായി ബന്ധപ്പെട്ട നോട്ടീസ് നൽകിയിരിക്കുന്നത്.
കെഎസ്ആർടിയിൽ ആരും പണിമുടക്കിന് ആഹ്വാനം നൽകിയിട്ടില്ലെന്ന വാദം തെറ്റാണ്. ബിഎംഎസ് മാത്രമാണ് സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. പക്ഷേ, അവരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. അവരുടെ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കെഎസ്ആർടിസി പൂർണമായും സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മർദമില്ലാതെ പണിമുടക്കാനാണ് നിലവിലെ തീരുമാനം. ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ അതേക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.