

മാവേലിക്കരയിൽ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി; ഒരാൾക്ക് പരുക്ക്
മാവേലിക്കര: സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി ഒരാൾക്ക് പരുക്ക്. പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടർ കൂടിയായ എസ്.ഡി. വേണുകുമാറിനാണ് പരുക്കേറ്റത്. ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ സംഘടിപ്പിച്ച ത്രിവർണ സ്വാഭിമാന യാത്രയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് കയറ്റി അപകടമുണ്ടാക്കിയത്.
ശനിയാഴ്ച 6.45 ഓടെ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സ്വാഭിമാന യാത്ര എത്തിച്ചേർന്നപ്പോഴായിരുന്നു സംഭവം. അമിത വേഗത്തിൽ ഓടിച്ചു വന്ന ഓൾട്ടർ ചെയ്ത ഒരു ബൈക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വേണുകുമാറിന്‍റെ മുഖത്തും പുറത്തും പരുക്കുണ്ട്.
ഉടൻതന്നെ ഇദ്ദേഹത്തെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പുതിയകാവ് ഭാഗത്തേക്ക് പോവുകയും പിന്നീട് ഇടവഴികളിലൂടെ തിരികെ പരിപാടി സ്ഥലത്ത് വന്ന് വീണ്ടും പ്രകോപനം സൃഷ്ടിച്ച ശേഷം പ്രായിക്കര ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.