

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴയിൽ 19,881 പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് കാട എന്നിവ ഉൾപ്പെടെയുള്ള പക്ഷികളെയാണ് കൊന്നൊടുക്കുക. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
പക്ഷിപ്പനി വളർത്തു പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നെടുമുടിയിൽ കോഴികൾക്കും മറ്റു പഞ്ചായത്തുകളിൽ താറാവിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ വാർഡുകളിൽ കാട , കോഴി എന്നിവയ്ക്കും രോഗം സ്ഥിരീകരിച്ചു.