

കാക്കകൾ കൂട്ടത്തോടെ ചത്തു; ഇരിട്ടിയിൽ പക്ഷിപ്പനി
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ പക്ഷിപ്പനി (എച്ച് 5 എൻ1)സ്ഥിരീകരിച്ചു. കാക്കകൾ കൂട്ടത്തോടെ ചത്തതോടെ നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇരിട്ടി നഗരസഭയിലും സമീപപ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്റ്റർ നിർദേശം നൽകി. കാക്കകളിൽ രോഗം സ്ഥിരീകരിച്ചതിനാൽ അസുഖത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
കണ്ണൂർ റീജിയണൽ ഡയഗ്നോസ്റ്റിക് ലബോറട്ടി ഡപ്യൂട്ടി ഡയറക്റ്ററാണ് രോഗം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. എന്നാൽ വളർത്തുമൃഗങ്ങളിൽ രോഗം കണ്ടെത്തിയിട്ടില്ല. നിലവിൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് നിഗമനം.
ചത്ത കാക്കകളെ നിശ്ചിത ആഴത്തിൽ കാൽസ്യം കാർബണേറ്റ് ഇട്ട് സംസ്കരിക്കാനാണ് നിർദേശം. പ്രദേശത്ത് അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ ഉണ്ടോ എന്ന് നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.