

പ്രശാന്ത് ശിവൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം റോഡ് ഉദ്ഘാടനത്തിൽ പങ്കെടുത്ത പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനെതിരേ ബിജെപി രംഗത്ത്. രാഹുലിനൊപ്പം നഗരസഭ ചെയർപേഴ്സൺ വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്നും വേദി പങ്കിടരുതെന്നു തന്നെയാണ് പാർട്ടി നിലപാടെന്നും ബിജെപി ജില്ലാ അധ‍്യക്ഷൻ പ്രശാന്ത് ശിവൻ വ‍്യക്തമാക്കി.
പാർട്ടി വിരുദ്ധ നിലപാടാണ് പ്രമീള ശശിധരൻ സ്വീകരിച്ചതെന്നും അവർക്ക് തെറ്റുപറ്റിയെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു. പാർട്ടി നേതൃത്വത്തെ ഇക്കാര‍്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം റോഡ് ഉദ്ഘാടനത്തിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്.
ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനം രാജി വച്ച രാഹുലിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന ബിജെപിയുടെ നിലപാട് വകവയ്ക്കാതെയാണ് പ്രമീള ശശിധരൻ രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്തത്.