

ആർ. സുഗതൻ
file image
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ വിയ്യൂരിലെ സെൻട്രൽ ജയിലിൽ ചൊവ്വാഴ്ച നടക്കും. രാവിലെ 11 മണിയോടെ സുപ്രണ്ട് ഓഫീസിൽ വച്ചാവും സത്യപ്രതിജ്ഞ. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ആദ്യമായാണ് സംസ്ഥാനത്ത് ജയിലിൽ വച്ച് ഒരു ജനപ്രതിന്ധി സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോടതി കഴിഞ്ഞ ദിവസം സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായി ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായി ജയിലിൽ അവസരമൊരുക്കാമെന്ന് സർക്കാർ അറിയിച്ചതോടെയാണ് കോടതി ജാമ്യം റദ്ദാക്കി ജയിലിൽ സത്യപ്രജ്ഞയ്ക്ക് അനുമതി നൽകിയത്. നിയമപരമായി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിലക്കില്ല.
സുഗതനെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്നും കേസുകൾ തെരഞ്ഞെടുപ്പിന് മുൻപേ ഉള്ളതാണെന്നും വിലയിരുത്തിയാണ് കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. മാത്രമല്ല, സുഗതൻ അസാധുവായാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അസാധാരണ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി.