

അനൂപ് ആന്‍റണി,സാവരിയ ബസന്ത്
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ‍്യാർഥിനി സാവരിയ ബസന്തിന്‍റെ ദുരൂഹ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.
വിദ‍്യാർഥിനിയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നു പറഞ്ഞ അദ്ദേഹം സാവരിയയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും അനൂപ് ആന്‍റണി കൂട്ടിച്ചേർത്തു. ലാപ്ടോപ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് മർദിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും ആലപ്പുഴ മെഡിക്കൽ കോളെജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ ചതവുകളും മുറിവുകളും കണ്ടെത്തിയിരുന്നു.
പെൺകുട്ടി ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അത‍്യന്തം ഗൗരവമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നും മാനസികവും ശാരീരികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും അനൂപ് ആരോപിച്ചു.
ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് അനൂപ് ആന്‍റണിയുടെ ആവശ‍്യം. വിദേശ രാജ‍്യങ്ങളിൽ പോലും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ക്രൂരമായ പീഡനങ്ങളും നടക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും ഇത്തരം സാഹചര‍്യങ്ങളിൽ വിദ‍്യാർഥികൾക്ക് എങ്ങനെയാണ് കുട്ടികളെ വിദേശത്തേക്ക് പഠനത്തിന് അയക്കാൻ കഴിയുന്നതെന്നും വിദ‍്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരേ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്‍റെയും ഇന്ത‍്യൻ എംബസിയുടെയും ഇടപെടൽ മൂലമാണ് സാവരിയയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചതെന്നും അന്വേഷം പൂർത്തിയാകുന്നതു വരെ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് സ്വദേശിനിയാണ് സാവരിയ. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ആഭ‍്യന്തര മന്ത്രി കഴിഞ്ഞ ദിവസം വിദ‍്യാർഥിനിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.