

ബിജെപി നേതാവ് ആർ. ശ്രീലേഖ
File photo
തിരുവനന്തപുരം: മേയർ സ്ഥാനം നഷ്ടപ്പെട്ടതിന്‍റെ അതൃപ്തി തുടർന്ന് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷാണ് മേയറായി അധികാരമേറ്റത്. ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും ആർഎസ്എസ് നേതൃത്വവും ആശങ്ക പ്രകടിപ്പിച്ചതോടെ വി.വി. രാജേഷിന് നറുക്ക് വീഴുകയായിരുന്നു. നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രീലേഖ ഇപ്പോഴും ഇടഞ്ഞു തന്നെ നിൽക്കുകയാണ്. കോർപ്പറേഷനിൽ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ ശ്രീലേഖ പുറത്തേക്കിറങ്ങി പോയത് മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. പുതുയായി അധികാരമേറ്റ മേയർക്കും ഡപ്യൂട്ടി മേയർക്കും സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേരാനും ശ്രീലേഖ തയാറായിട്ടില്ല. എന്നാൽ മുതിർന്ന നേതാക്കളെ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയർ ആശ നാഥും ശ്രീലേഖയെ സന്ദർശിച്ചിരുന്നു.
മത്സരത്തിന് തയാറാണെന്ന് അറിയിച്ചപ്പോൾ തന്നെ വിജയിച്ചാൽ മേയർ സ്ഥാനം നൽകാമെന്ന് പാർട്ടിയിലെ ചില നേതാക്കൾ ശ്രീലേഖയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ശ്രീലേഖയെ ആണ് പിന്തുണച്ചിരുന്നതെന്നാണ് സൂചന. എന്നാൽ പാർട്ടിക്കു വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നവരെ ഒഴിവാക്കുന്നത് മോശം പ്രതിച്ഛായ നൽകുമെന്ന് മുതിർന്ന നേതാവ് കെ.സുരേന്ദ്രനും ആർഎസ്എസ് നേതാക്കളും അറിയിച്ചതിനെത്തുടർന്നാണ് ശ്രീലേഖയുടെ സാധ്യത മങ്ങിയത്.
ശ്രീലേഖയെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി പാർട്ടിയിൽ ഉന്നത പദവികൾ നൽകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നിലവിൽ പാർട്ടി വൈസ് പ്രസിഡന്‍റാണ് ശ്രീലേഖ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സാധ്യതയുള്ള വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ശാസ്തമംഗലത്ത് നിന്ന് ശ്രീലേഖ രാജി വച്ചാൽ അവിടെ വീണ്ടും ബിജെപിക്ക് കളം പിടിക്കാൻ സാധിക്കുമോ എന്നതിൽ വ്യക്തതയില്ല.