
'ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി, പൊട്ടിത്തെറിച്ച് നാണക്കേടായി'; എസ്ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
എഐ നിർമിത പ്രതീകാത്മക ചിത്രം
കൊച്ചി: ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയും ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്റ്റർ സി.വി. സജീവിനെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ട് എത്രയും പെട്ടെന്ന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 10നാണ് സംഭവം. ഔദ്യോഗിക ബഹുമതി ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടയാണ് പൊട്ടിത്തെറിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി വെടിയുണ്ടകൾ എടുത്തപ്പോഴാണ് ക്ലാവ് പിടിച്ചതായി കണ്ടെത്തിയത്.
സാധാരണ ഇത്തരം സമയങ്ങളിൽ വെടിയുണ്ട വെയിലത്ത് വച്ച് ചൂടാക്കുകയാണ് പതിവ്. എന്നാൽ സമയം ഇല്ലാത്തതിനാൽ അടുക്കളയിലെ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകൾ പൊട്ടിത്തെറിച്ചത്. ആർക്കും പരുക്ക് പറ്റിയില്ലെങ്കിലും പൊലീസ് ഡിപ്പാർട്മെന്‍റിന് സംഭവം നാണക്കേടായി.