

കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോകാനുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമത്തെ അതി വിദഗ്ധമായി തകർത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അശ്ലീല പരാമർശം നടത്തിയെന്ന ആരോപണത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ഒളിവിൽ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം.
ഇത് മുൻകൂട്ടി അറിഞ്ഞ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പൊലീസ് ബോബി ചെമ്മണ്ണൂരിന്‍റെ വയനാട്ടിലെ വീടിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ബോബി കർണാടകയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബോചെ 1000 എസ്റ്റേറ്റിൽ നിന്ന് രാവിലെ ബോബി ചെമ്മണ്ണൂർ കാറിൽ പുറത്തേക്കിറങ്ങിയ ഉടനേ കാർ വളഞ്ഞാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിൽ ആശ്വാസവും നന്ദിയുമുണ്ടെന്ന നടി ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ ഉറപ്പു നൽകിയിരുന്നു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ കമന്‍റുകളിൽ മാറ്റം വന്നുവെന്നും നടി പറഞ്ഞു.
എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷൺ പുട്ട വിമലാദിത്യ എന്നിവരുമായി നടി കൂടിക്കാഴ്ച നടത്തിയപ്പോൾ സർക്കാരിന്‍റെ ഭാഗത്തു നിന്ന് പിന്തുണ ഉറപ്പാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടി പരാതി നൽകിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിൽ ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യം തേടാനും അത് സുപ്രീം കോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് പൊലീസിന്‍റെ നീക്കം.