സിമാറ്റിലെ നിയമന വിവാദം; ബി.ആർ.എം. ഷഫീറിന്‍റെ ഭാര്യ രാജിവച്ചു

സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഓഫിസർ തസ്തികയിൽ നിന്നാണ് ഷാനി രാജിവച്ചത്
 brm shafeer's wife resigned

ബി.ആർ.എം. ഷഫീർ

Updated on: 

തിരുവനന്തപുരം: നിയമന വിവാദത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്‍റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു. സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രത്തിലെ (സിമാറ്റ് - SIEMAT) റിസർച്ച് ഓഫിസർ തസ്തികയിൽ നിന്നാണ് ഇവർ രാജിവെച്ചത്. വെള്ളിയാഴ്ചയാണ് രാജിക്കത്ത് സ്ഥാപന മേധാവിക്ക് കൈമാറിയത്.

പൊതു നോട്ടിഫിക്കേഷനോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ, ബയോഡേറ്റ മാത്രം നൽകിയാണ് കരാർ അടിസ്ഥാനത്തിലുള്ള ജോലിയിൽ പ്രവേശിച്ചതെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് രാജി.

ഇത്തരം ഒഴിവുകളിൽ പൊതുവേ നോട്ടിഫിക്കേഷൻ നൽകാറില്ലെന്നും, ഒഴിവു വന്ന വിവരം ഷാനി ഷഫീർ എങ്ങനെ അറിഞ്ഞു എന്ന് തനിക്കറിയില്ലെന്നുമായിരുന്നു സിമാറ്റ് ഡയറക്റ്ററുടെ പ്രതികരണം. അതിനുപിന്നാലെ ഇവരുടെ പിഎച്ച്ഡി യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നുവന്നു. റിസർച്ച് ഓഫിസർക്ക് വേണ്ട പിഎച്ച്ഡി യോഗ്യത പോലും ഇല്ലാതെയാണ് ഷാനി ജോലിയിൽ പ്രവേശിച്ചത് എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

നിയമന വിവാദത്തിൽ ബി.ആർ.എം. ഷഫീറിനെതിരേയും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ച് ആർക്കും ജോലിയോ സ്ഥലമാറ്റമോ തരപ്പെടുത്തി നൽകില്ല എന്നു പറഞ്ഞു ഷഫീർ മുൻപ് എൻജിഒ അസോസിയേഷൻ വേദിയിലടക്കം കൈയടി വാങ്ങിയിരുന്നു. എന്നാൽ, സ്വന്തം ഭാര്യയുടെ നിയമനം വിവാദമായതോടെ ഷഫീർ കടുത്ത പ്രതിരോധത്തിലായി.

logo
Metro Vaartha
www.metrovaartha.com