

VD Satheesan
file image
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഉത്തരാഖണ്ഡില്‍ കേസെടുത്ത ബിജെപി സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അനീതിക്കും അയിത്താചാരത്തിനുമെതിരേ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം മാത്രമാണെന്നും സതീശൻ പറഞ്ഞു.
ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിനുശേഷം സംഘപരിവാര്‍ നടത്തിയ 'ശുദ്ധീകരണ' ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും വെല്ലുവിളിയാണ്. ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘപരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്‍റെ ആധുനിക രൂപമാണ്- സതീശൻ പറഞ്ഞു.
സമത്വത്തിനും മനുഷ്യന്‍റെ അന്തസിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിന് പകരം, രാഹുല്‍ ഗാന്ധിക്കെതിരേ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കേസെടുത്തതിലൂടെ സംഘപരിവാര്‍ ഭരണകൂടത്തിന്‍റെ ഭീരുത്വമാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നിയമ സംവിധാനങ്ങളെ ആയുധമാക്കുന്നത് അനുവദിക്കാനാകില്ല. രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ തടയാനുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമൊപ്പം കേരള ജനതയും ഉറച്ചുനില്‍ക്കും. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.