

റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ
കൽപ്പറ്റ: വീട്ടിൽ നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ബത്തേരി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ അറസ്റ്റിലായ ആന്‍റോയെ വ്യാഴാഴ്ച റിമാൻഡ് ചെയ്തിരുന്നു.
മദ്യശേഖരം കണ്ടെത്തിയ സംഭവം വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനുമാണ് ആന്‍റോയുടെ വയനാട്ടിലെ വീട്ടിൽ നിന്ന് പിടികൂടിയത്. സ്വകാര്യ വ്യക്തിക്ക് കൈവശം വയ്ക്കാൻ സാധിക്കുന്നതിൽ നിന്ന് ഉയർന്ന അളവാണിത്. വിദേശ നിർമിത വിദേശ മദ്യവും ഇന്ത്യൻ നിർമിത വിദേശ മദ്യവും വ്യാജ മദ്യവും പട്ടാളക്കാർക്ക് മാത്രം കൊടുക്കുന്ന മദ്യവും പിടിച്ചെടുത്തവയിൽ ഉണ്ടെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം.
അർജന്‍റീനൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനം അടക്കം അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തിയപ്പോഴാണ് മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് കേസ് എടുക്കുകയായിരുന്നു. അതേസമയം തന്‍റെ വീട്ടിൽ നിന്ന് മദ്യശേഖരം പിടികൂടിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ആന്‍റോ വ്യക്തമാക്കിയത്. താൻ മദ്യപിക്കാത്ത ആളാണെന്നും ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ആന്‍റോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.