

മൂന്നാം ദിനവും ദൗത്യം പരാജയം; മിഷൻ ചക്കകൊമ്പൻ താത്ക്കാലികമായി നിർത്തിവച്ചു
ഇടുക്കി: ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ദൗത്യം ഉണ്ടാകില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസവും ദൗത്യം പരാജയപ്പെട്ടതോടെയാണ് താത്ക്കാലികമായി വനംവകുപ്പ് പിന്മാറിയത്. വെള്ളിയാഴ്ച വൈകുന്നേരം ആദ്യ ഡോസ് മയക്കുവെടി നൽകിയതിന് ശേഷം അരമണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമത്തെ ഡോസും ആനയ്ക്ക് നൽകിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല.
ആന പൂർണമായി മയങ്ങാതെ ഒരു കിലോമീറ്ററോളം ഓടി സമീപത്തെ ഡാമിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ദൗത്യ സംഘം ബോട്ടിൽ പിന്തുടർന്ന് ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റി. വെളിച്ചം കുറഞ്ഞതും ആനയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.