

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ ഒമ്പതു മുതൽ പ്രോ ടേം സ്പീക്കർ ജി. സുധാകരനു മുമ്പിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു അംഗങ്ങളെ വിളിച്ചത്.
പ്രോടേം സ്പീക്കർ ജി. സുധാകരൻ ബുധനാഴ്ച ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. അവശേഷിക്കുന്ന 139 പേരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി. കളമശേരിയില്‍ നിന്നുള്ള വി.ഇ. അബ്ദുല്‍ ഗഫൂറായിരുന്നു തുടക്കമിട്ടത്. വടക്കാഞ്ചേരിയില്‍ നിന്നുള്ള സേവ്യര്‍ ചിറ്റിലപ്പള്ളി അവസാനക്കാരനായി. ആറ്റിങ്ങലിൽ നിന്നുള്ള ഒ.എസ്. അംബിക സത്യപ്രതിജ്ഞ ചെയ്ത വനിതകളിൽ ആദ്യ സ്ഥാനക്കാരിയായി. വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
കെ. മുരളീധരൻ, ഫൈസൽ ബാബു, മാണി സി.കാപ്പൻ, ഡോ. മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ഷിബു ബേബി ജോൺ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, രമേഷ് പിഷാരടി എന്നിവർ ഇംഗ്ലിഷിലും, എ.കെ.എം. അഷറഫ് കന്നഡയിലും, എഫ്.രാജ തമിഴിലും മറ്റംഗങ്ങൾ മലയാളത്തിലുമാണ് സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സന്ദീപ് വാര്യർ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്‌തത്. ജയ്‌ഹിന്ദ്, ജയ് സംവിധാൻ എന്നും കൂട്ടിച്ചേർത്താണ് സന്ദീപ് മടങ്ങിയത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഓരോ അംഗവും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍റെ സര്‍ട്ടിഫിക്കെറ്റും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സത്യവാങ്മൂലവും സമര്‍പ്പിച്ച ശേഷം പ്രതിപക്ഷമിരിക്കുന്ന വശത്തു കൂടി ഡയസിലേക്ക് കയറി പ്രോ ടെം സ്പീക്കറെ അഭിവാദ്യം ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമിരിക്കുന്നവശത്തു കൂടി മന്ത്രിമാരെയടക്കം അഭിവാദ്യം ചെയ്താണ് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ചടങ്ങിനിടെ പ്രോടേം സ്പീക്കറുടെ അസൗകര്യം കണക്കിലെടുത്ത് പത്ത് മിനിറ്റ് ഇടവേളയുമുണ്ടായി. മൂന്നരമണിക്കൂര്‍ നീണ്ട സത്യപ്രതിജ്ഞ ചടങ്ങ് ഉച്ചയ്ക്ക് 12.30ഓടെയാണ് അവസാനിച്ചു.