

വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്കൊപ്പം
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വഴുതക്കാടുള്ള വസതിയിലെത്തിയ സതീശൻ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച ശേഷമാണ് വസതിയിൽ നിന്ന് മടങ്ങിയത്. സതീശൻ മുഖ്യമന്ത്രി ആയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സതീശനുമായി വളരെ വ്യക്തിപരമായ ബന്ധമാണുള്ളത്. മന്ത്രിസഭാ രൂപീകരണത്തിൽ ഉപാധികൾ വയ്ക്കുമോ എന്ന ചോദ്യത്തിന് ഞങ്ങൾ തമ്മിൽ എന്ത് ഉപാധി എന്ന മറുചോദ്യമാണ് ചെന്നിത്തല ഉന്നയിച്ചത്. മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ കാലത്തും എന്‍റെ നേതാവാണ് രമേശ് ചെന്നിത്തല എന്നും രണ്ടു സഹോദരന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയാണിതെന്നും സതീശൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തപ്പോൾ സീനിയോറിറ്റി പരിഗണിച്ചില്ല എന്നതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ രമേശ് ചെന്നിത്തല വഴുതക്കാടുള്ള വീട്ടിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു.
നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു. ഗുരുവായൂരിൽ നിന്ന് വഴുതക്കാടുള്ള വീട്ടിൽ രാവിലെയെത്തിയ ചെന്നിത്തല ഉടൻ തന്നെ സ്വകാര്യ സന്ദർശനത്തിനായി വീട്ടിൽ നിന്നിറങ്ങിയതും ആശങ്ക ശക്തമാക്കിയിരുന്നു. എന്നാൽ വൈകാതെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തുകയും വിഡിയെ സ്വീകരിക്കുകയുമായിരുന്നു. വി.ടി.ബൽറാം, ജ്യോതി കുമാർ ചാമക്കാല,ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത്, അബിൻ വർക്കി എന്നീ നിയുക്ത എംഎൽഎമാരും സതീശനൊപ്പമുണ്ടായിരുന്നു.