"എന്താണ് ഈ കേസിൽ പ്രത്യേകത? എന്തടിസ്ഥാനത്തിലാണ് എഫ്ഐആറിട്ടത്"; ചേരാനല്ലൂർ കേസിൽ അപ്പീൽ കോടതി തള്ളി, പ്രതിക്ക് ജാമ്യം തുടരാം

‌ചുമത്തിയ കുറ്റങ്ങളൊന്നും നിലനിൽക്കില്ല, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അന്വേഷണ ഉദ്യോഗസ്ഥർ പട്ടം പറത്തുകയാണോ എന്ന് കോടതി ചോദിച്ചു
cheranalloor accident case bail

അപകടത്തിൽപ്പെട്ട സ്കൂട്ടർ, ജയബാലകൃഷ്ണൻ

Updated on: 

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നവശ്യപ്പെട്ട് പൊലീസും മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ തള്ളി കോടതി. എറണാകുളം സെഷൻസ് കോടതിയാണ് അപ്പീൽ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

എന്ത് അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാവാത്ത വ്യക്തിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി ചോദിച്ചു. ഈ കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്നും ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അന്വേഷണ ഉദ്യോഗസ്ഥർ പട്ടം പറത്തുകയാണോ എന്നും കോടതി ചോദിച്ചു. നിയമപ്രകാരം 7 വർഷം വരെ പിഴ ലഭിക്കാവുന്ന കുറ്റം ചെയ്താൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവൂ. എന്നാൽ ഇവിടെ അത്തരമൊരു സാഹചര്യമില്ല. പിന്നെയെങ്ങനെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി ചോദിച്ചു.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഈ കേസിൽ സംഭവിക്കുന്നത്. ആദ്യം കേസെടുത്തശേഷം വീണ്ടും വകുപ്പുകൾ ചേർക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം ജാമ്യം നൽകുകയും വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുന്നു. എന്താണ് ഈ കേസിലെ പ്രത്യേകത എന്ന് ചോദിച്ച കോടതി പ്രതിയുടെ ജാമ്യം തുടരുമെന്നും രണ്ടാമത് ചേർന്ന വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നും വ്യക്തമാക്കി. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ ഈ നടപടി കാരണം ഇരയ്ക്ക് ലഭിക്കേണ്ടിയിരുന്ന സ്വഭാവിക നീതി നഷ്ടമായെന്നും അപ്പീലുകൾ സമർപ്പിച്ചതിൽ പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും കോടതി അറിയിച്ചു.