

രമേശ് ചെന്നിത്തല, മുഖ‍്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടിയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെന്തിനെയൊക്കയോ പോലെ തന്നെ രമേശ് ചെന്നിത്തല ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം വിജയകരമായി നടപ്പിലാക്കി. ഈ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല പദ്ധതികളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിന്‍റെ കാർഷിക മേഖല ചരിത്രപരമായ മുന്നേറ്റമാണ് കൈവരിച്ചത്.
2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക മേഖലയിലെ ദേശീയ വളർച്ച 2.1 ശതമാനമായിരിക്കെ, കേരളം 4.65 ശതമാനം എന്ന മികച്ച വളർച്ചാനിരക്ക് കൈവരിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.