മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായി, അത് ജനാധിപത്യം: മുഖ്യമന്ത്രി

പല കാര്യങ്ങളിലും തർക്കമുണ്ടായെന്ന് താൻ അഭിമാനത്തോടെ പറയുന്നു
cm says many arguments during cabinet meeting this is not pinarayis cabinet

VD Satheesan

file image

Updated on: 

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായെന്ന് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. തങ്ങളുടെ മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെയല്ലെന്നും എല്ലാവരും പരസ്പരം അഭിപ്രായങ്ങൾ പറയുന്നതും തർക്കിക്കുന്നതും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല കാര്യങ്ങളിലും തർക്കമുണ്ടായെന്ന് താൻ അഭിമാനത്തോടെ പറയുന്നു. ഒരു തീരുമാനവും മാറ്റിവച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും തീരുമാനമുണ്ടായി. ഒരു തീരുമാനവും യുഡിഎഫ് മന്ത്രിസഭയിൽ ഏകപക്ഷീയമായി ഉണ്ടാകില്ല. യുഡിഎഫ് മന്ത്രിസഭയിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഐക്യകണ്ഠമായിരിക്കും. തീരുമാനമാകാത്ത കാര്യങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റിവയ്ക്കും.

ഇത് പിണറായി വിജയന്‍റെ മന്ത്രിസഭയല്ല. രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയൻ പോക്കറ്റിൽ നിന്ന് ഒരു കടലാസെടുത്താൽ എല്ലാം അംഗീകരിക്കുന്നതു പോലെ വിധേയരുടെ മന്ത്രിസഭയല്ല. ഒരു മണിക്കൂർ ചർച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു.

ചിലർ തമ്മിൽ തർക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാൻ തന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. എൽപിഎസ്ടി സമരത്തെക്കുറിച്ചും ചർച്ച ചെയ്തു. അതിൽ തർക്കമില്ല.

നിർദേശങ്ങളാണ് ഉയർന്നത്. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. അവരുടെ ആരോഗ്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ചർച്ചയ്ക്ക് സർക്കാർ തയാറാണ്. ഇതാണ് ജനാധിപത്യം. എൽഡിഎഫ് സർക്കാരിലേതു പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തർക്കങ്ങൾ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും.

ഏറ്റവും ജൂനിയറായി കായിക മന്ത്രി ഒ.ജെ. ജനീഷ് വരെ എന്‍റെ മുഖത്ത് നോക്കി അഭിപ്രായം പറയും. പറയണം. അപ്പോഴാണ് നല്ല നിർദേശങ്ങൾ വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടികയിലും തീരുമാനമെടുത്തു. പുറത്തു വന്ന പേരുകൾ ശരിയാണ്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിൽ തർക്കമുണ്ടെന്ന വാർത്ത തെറ്റാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.