

നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി കോഴിക്കാൽ കടിച്ചുപറിക്കുന്നു, വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിന് പങ്കെടുത്തതിൽ വിമർശനം
തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷ വിമർശനം. മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വി.ഡി. സതീശൻ ഉച്ചഭക്ഷണത്തിന് എത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിമർശനം രൂക്ഷമായത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്താണ് വിമർശനങ്ങൾ.
ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് സൽക്കാരത്തിന്‍റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നാണ് പലരുടേയും ചോദ്യം. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും വിമർശനമുണ്ട്. ദുരന്തസമയത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻനിശ്ചയിച്ച പരിപാടികൾ ക്യാൻസൽ ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിച്ചിരുന്നപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി സൽക്കാരത്തിൽ പങ്കെടുത്ത് കോഴിക്കാൽ കടിച്ചുപറിക്കുകയാണ് എന്നാണ് വിമർശനം.
പിന്നാലെ പ്രതിപക്ഷ നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വിഡിയോ വിശ്വസിക്കാനായില്ല എന്നാണ് എ.എ. റഹിം എംപി കുറിച്ചത്. വിവിധ ജില്ലകൾ വെള്ളത്തിലായി മനുഷ്യർ ആശങ്കയിലായിരിക്കുമ്പോൾ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ലെന്നാണ് എഎ റഹീം പറഞ്ഞത്. മുൻ എംഎൽഎ വി.കെ. പ്രശാന്തും പരിഹാസവുമായി എത്തി. 'അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്' എന്നാണ് സ്ഥിതിയെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ വികെ പ്രശാന്ത് പരിഹസിച്ചു.