ചബഹാര്‍ തുറമുഖ കരാര്‍ ഇറാന്‍-ഇന്ത്യ സൗഹൃദത്തിന്‍റെ നേര്‍ക്കാഴ്ച

പാക്കിസ്ഥാന്‍റെ കറാച്ചി തുറമുഖം വഴി അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടുന്നതിനേക്കാള്‍ ഇന്ത്യയെ സംബന്ധിച്ച് 800 കിലോമീറ്റര്‍ ലാഭമാണ് ചബഹാര്‍ മാര്‍ഗം.
ചബഹാര്‍ തുറമുഖ കരാര്‍ ഇറാന്‍-ഇന്ത്യ സൗഹൃദത്തിന്‍റെ നേര്‍ക്കാഴ്ച

രാജ മുനീബ്

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുടെ മരണത്തില്‍ ഒരാഴ്ചത്തെ ദുഃഖാചരണമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇന്ത്യന്‍ പതാകകള്‍ താഴ്ത്തിക്കെട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധമാണ് ഇത് കാണിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. എക്കാലത്തും ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച രാജ്യമായിരുന്നു ഇറാന്‍. അമെരിക്കയുടെ എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ഇന്ത്യ ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്‍റെ പ്രവര്‍ത്തന ചുമതല ഏറ്റെടുത്തിരിക്കുന്നത് എന്നകാര്യം ഇതില്‍ ചേര്‍ത്തുവായിക്കണം.

ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ചബഹാര്‍. ഇറാന്‍റെ ഏകസമുദ്ര തുറമുഖമാണിത്. ഷഹിദ് കലന്തരി, ഷഹിദ് ബെഹെഷ്തി എന്നിങ്ങനെ രണ്ടു തുറമുഖങ്ങളാണ് ഇവിടെയുള്ളത്. പാക്കിസ്ഥാന്‍ തുറമുഖമായ ഗ്വാദറിൽ നിന്ന് കേവലം 170 കിലോ മീറ്ററാണ് ഇവിടേക്കുള്ളദൂരം. തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളോടും ഇവ അടുത്തുകിടക്കുന്നു. ഈ രാജ്യങ്ങളിലേക്കുള്ള സുവര്‍ണ കവാടമായാണ് തുറമുഖം കരുതപ്പെടുന്നത്.

1983ല്‍ ഇറാഖിന്‍റെ ആക്രമണങ്ങളെ നേരിടുന്നതിന്‍റെ ഭാഗമായി പാകിസ്ഥാനുമായി കച്ചവടം മെച്ചപ്പെടുത്തുന്നതിനാണ് ഷാ ഭരണകൂടം ചബഹാര്‍ തുറമുഖം തുറന്നത്. 2003ല്‍ തുറമുഖം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ഇറാനും തമ്മിൽ ധാരണയായിരുന്നു. എന്നാല്‍ ഉപരോധം കാരണം ഇതു സാധിച്ചില്ല. 2016ല്‍ ബെഹെസ്തി തുറമുഖത്തില്‍ ബെര്‍ത്തുകള്‍ നവീകരിക്കുന്നതിനും 600 മീറ്ററില്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ധാരണയായി. പാക്കിസ്ഥാന്‍റെ കറാച്ചി തുറമുഖം വഴി അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടുന്നതിനേക്കാള്‍ ഇന്ത്യയെ സംബന്ധിച്ച് 800 കിലോമീറ്റര്‍ ലാഭമാണ് ചബഹാര്‍ മാര്‍ഗം. 21 കോടി ടണ്‍ ചരക്കാണ് 2016ല്‍ ഈ തുറമുഖം കൈകാര്യം ചെയ്തത്. ഭാവിയില്‍ 860 കോടിയായി മാറുമെന്നാണ് കരുതുന്നത്.

2017 ഒക്‌റ്റോബറിൽ ഇന്ത്യയില്‍ നിന്ന് ഗോതമ്പുമായുള്ള ആദ്യ ചരക്കു കപ്പല്‍ അഫ്ഗാനിലേക്ക് ചബഹാര്‍ വഴി കടന്നുപോയി. 2018 ഡിസംബറിലാണ് തുറമുഖത്തിന്‍റെ പ്രവർത്തന ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഉപരോധം വീണ്ടും ആരംഭിച്ചതിനാല്‍ ടോട്ടൽ കപ്പാസിറ്റിയുടെ 10 ശതമാനം മാത്രമാണ് ഇവിടെ ഉപയോഗപ്പെടുത്താനായത്. ഇന്ത്യയുടെ സാധ്യതകളും ഇതിനാല്‍ തന്നെ കുറഞ്ഞുവന്നു. കിഴക്കന്‍ ഇറാനിലെ അവികസിത മേഖലയുടെ വികാസം കൂടി മധ്യേഷ്യയുമായുള്ള റെയ്‌ല്‍ ഗതാഗതത്തിലൂടെ സാധിക്കുമെന്ന് ഇറാനും കരുതുന്നു.

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പിലേക്കും ചരക്കു ഗതാഗതത്തിന് ഏറെ സഹായകമായ ഇടനാഴിയാണ് ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ് ഇടനാഴി (ഐഎംഇസി). യുഎഇയിലെ ഖലീഫ, ജബല്‍ അലി തുറമുഖങ്ങള്‍ ഈ ഇടനാഴിയില്‍ വരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഈ തുറമുഖങ്ങള്‍ വഴിയാണ് ഗള്‍ഫിലെത്തിക്കുന്നത്. മുംബൈ, ഗുജറാത്തിലെ കണ്ട്‌ല തുറമുഖങ്ങളില്‍ നിന്ന് ഇവിടേക്ക് ചരക്കെത്തിക്കുക എളുപ്പമാണ്. യൂറോപ്പിലേക്കും ഇതുവഴി ചരക്കുഗതാഗതം സാധ്യമാണ്. ഇറാനിലെ ചബഹാര്‍ ഈ ഇടനാഴിയില്‍ വരില്ലെങ്കിലും ഏറെ അടുത്താണ് യുഎഇയിലെ തുറമുഖങ്ങളും ഇറാനിലെ തുറമുഖങ്ങളും സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്ക് അറേബ്യന്‍ ഗള്‍ഫിന്‍റെ ഇരു കരകളിലെയും തുറമുഖങ്ങളുമായി ബന്ധപ്പെടാനാകും.

ചൈന നിയന്ത്രിക്കുന്ന പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചബഹാര്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമാണ്. ഇന്ത്യയ്ക്കടുത്തുള്ള ശ്രീലങ്കയിലെ ഹമ്പന്‍തൊട്ട തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല ചൈന ഏറ്റെടുത്തത് ഇന്ത്യയ്ക്ക് ഭീഷണിയെന്ന പോലെ പാകിസ്ഥാനും തലവേദനയാകുന്നതാണ് ഇറാന്‍ തുഖമുഖത്തെ ഇന്ത്യന്‍ സാന്നിധ്യം. മേഖലയിലെ ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുന്നത് പാകിസ്ഥാന് കണ്ണുകടിയാകുമെങ്കിലും ലോകരാജ്യങ്ങളുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള പാത കണ്ടെത്തുന്നത് ഇന്ത്യയുടെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പേകും.

ഇതില്‍ ചേര്‍ത്തു വായിക്കേണ്ടതാണ് ഇന്ത്യ പശ്ചിമേഷ്യയുമായി വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കുന്നുവെന്നത്. 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ച യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് ഇന്ത്യയും യുഎഇയും തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട വാണിജ്യ ബന്ധവും കരാറുകളും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും എട്ടു കരാറുകളില്‍ ഒപ്പുവച്ചു. ഇതില്‍ പ്രധാനമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച ഐഎംഇസി കരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദുമാണ് കരാര്‍ ഒപ്പുവച്ചത്.

വാണിജ്യഗതാഗതത്തിന് ചെലവു കുറഞ്ഞ പുതിയ റൂട്ടുകളിലൂട യാത്രയെന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളെയും കരാറിന് പ്രേരിപ്പിച്ചത്. ലോകത്തെ പ്രധാന അരി കയറ്റുമതി രാജ്യമായ ഇന്ത്യയ്ക്ക് ലോക വിപണികളിലേക്ക് ഈ പാത വഴി എത്താനാകും. ഈ കരാറിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിവിധ മന്ത്രാലയ പ്രതിനിധികള്‍ യുഎഇ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. യുഎഇയിലെത്തിയാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.

ഷിപ്പിങ്, പോര്‍ട് ആന്‍ഡ് വാട്ടര്‍വെയ്സ്, കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രാലയങ്ങളുമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ്, കണ്ട്‌ല ദീന്‍ദയാല്‍ ഉപധ്യായ തുറമുഖം എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ഇന്ത്യന്‍ സംഘം ഖലീഫ, ജബല്‍ അലി തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു. പോര്‍ട്ട് അഥോറിറ്റിയുമായി വിശദമായ ചര്‍ച്ചയും നടത്തി. യുഎഇ കസ്റ്റംസ് അഥോറിറ്റിയുമായും കൂടിക്കാഴ്ച നടത്തി.

ഇന്ത്യയെ കൂടാതെ അമെരിക്ക, യുഎഇ, സഊദി അറേബ്യ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് ഐഎംഇസി കരാറില്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഒപ്പുവച്ചത്. 2023 സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച എംഒയു ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറായാണ് ഈ കരാറിനെ അന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ തോതില്‍ മുന്നേറുമെന്നതിനൊപ്പം ഗള്‍ഫിലും വില കുറച്ച് വസ്തുക്കള്‍ എത്തിക്കാനാകുമെന്നതും ഈ പാതയുടെ സവിശേഷതയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com