

ശബരിമല, പത്തനംതിട്ട എഡിഎമ്മുമാരുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത് കോടതി
പത്തനംതിട്ട: ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് ശബരിമല, പത്തനംതിട്ട അഡിഷണൽ ജില്ലാ മജിസ്ട്രേറ്റുമാരുടെ (എഡിഎം) ഔദ്യോഗിക വാഹനങ്ങൾ കോടതി ജപ്തി ചെയ്തു. ഏനാത്ത് പാലം നിർമാണത്തിനായി 1980ൽ ഏറ്റെടുത്ത ഭൂമിക്ക് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച നടപടി ഉണ്ടായത്.
ഏനാത്ത് സ്വദേശിയായ മുരളീധരന്റെ ഭൂമിയാണ് പാലം നിർമാണത്തിനായി 46 വർഷം മുൻപ് ഏറ്റെടുത്തത്. എന്നാൽ ഇതുവരെ നഷ്ടപരിഹാരം നൽകിയിരുന്നില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1995ൽ പത്തനംതിട്ട സബ് കോടതിയെ സമീപിച്ച മുരളീധരന് 2008ൽ അനുകൂല ഉത്തരവ് ലഭിച്ചു. ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2009ൽ വീണ്ടും കോടതിയെ സമീപിച്ചു.
കൊല്ലം പിഡബ്ല്യുഡി റോഡ് ഡിവിഷന് കോടതി നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും നഷ്ടപരിഹാരം നൽകാൻ മതിയായ ഫണ്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. പലിശയടക്കം 12,60,361 രൂപയാണ് മുരളീധരന് ലഭിക്കാനുള്ളത്.
സർക്കാർ പണം നൽകാത്തതിനെ തുടർന്നുള്ള തുടർ നിയമനടപടികളുടെ ഭാഗമായാണ് രണ്ട് എഡിഎമ്മുമാരുടെയും വാഹനങ്ങൾ ജപ്തി ചെയ്തത്. വ്യാഴാഴ്ച വാഹനങ്ങളിൽ ജപ്തി നോട്ടീസ് പതിച്ചശേഷം ഇവ കോടതി വളപ്പിലേക്ക് മാറ്റി. 2016, 2014 മോഡൽ ടൊയോട്ട ഇന്നോവ കാറുകളാണ് ജപ്തി ചെയ്തത്. കുടിശിക തുക അടച്ചില്ലെങ്കിൽ പണം ഈടാക്കുന്നതിനായി വാഹനങ്ങൾ ലേലം ചെയ്യാനും സാധ്യതയുണ്ട്.
എഡിഎമ്മുമാർക്ക് പകരം വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിർദേശിച്ച തുക അടച്ചാൽ ജപ്തി ചെയ്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്റ്റർ എ. നിസാമുദ്ദീൻ പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ജപ്തികൾ റവന്യൂ വകുപ്പിന്റെ പതിവ് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസിൽ റവന്യൂ വകുപ്പ് കക്ഷിയല്ലെങ്കിലും ഇത്തരം നടപടികളിൽ വകുപ്പിന്റെ വാഹനങ്ങളാണ് പിടിച്ചെടുക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.