

എൻഎസ്യുഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)
തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിക്കുമെതിരേ നടത്തിയ പ്രതിഷേധത്തിനിടെ എൻഎസ്യുഐ പ്രവർത്തക ആതിര വിജയനെ ആക്രമിച്ചെന്ന പരാതിയിൽ കേരള പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സംസ്ഥാന പൊലീസ് മേധാവിക്ക് ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്ന കേസാണ് സീറോ എഫ്ഐആർ.
ഡൽഹി സർവകലാശാലയിൽ നിയമ വിദ്യാർഥിനിയാണ് കോഴിക്കോട് സ്വദേശിനിയായ ആതിര. ഒക്റ്റോബർ 13ന് ഡൽഹിയിലെ കൊണോട്ട് പ്ലേസിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെയാണ് സംഭവം. സ്ത്രീയുടെ മാന്യതയെ അപമാനിക്കാനുള്ള ഉദേശ്യത്തോടെ ആക്രമിക്കൽ, വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, വാക്കാലുള്ള അധിക്ഷേപം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, കേസിൽ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെയോ മറ്റാരുടെയെങ്കിലുമോ പേര് പ്രതികളായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
പരാതിക്കാരിയെയും മറ്റ് പ്രവർത്തകരെയും ബസിൽ കൊണോട്ട് പ്ലേസിലെത്തിച്ചശേഷം ബലമായി പൊതുനിരത്തിലേക്ക് വലിച്ചിറക്കിയെന്നാണ് എഫ്ഐആറിലെ ആരോപണം. ഇതിനിടെ പരാതിക്കാരിയുടെ വസ്ത്രം കീറാൻ ശ്രമിച്ചെന്നും പറയുന്നു.
പിന്നീട് കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപത്തുവച്ച് മുഖത്തടിക്കുകയും കൈകൾ പിന്നിലേക്ക് ബലമായി പിടിച്ചുവയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്വകാര്യഭാഗങ്ങളിലും അടിവയറ്റിലും ചവിട്ടിയെന്നും മൊബൈൽ ഫോൺ പിടിച്ചുപറിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
എതിർത്തപ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ മുറുക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഷാൾ മുറുക്കിയതിനെ തുടർന്ന് കഴുത്തിന് പരിക്കേറ്റ ആതിരയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നെന്നും മാനസികമായും ശാരീരികമായും അപമാനിക്കപ്പെട്ടെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.
രാജ്യത്ത് എവിടെയും സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും എന്നാൽ അന്വേഷണം സംഭവമുണ്ടായ ഡൽഹിയിലെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി നൽകിയിട്ടും ഡൽഹി പൊലീസ് കേസെടുത്തില്ലെന്ന് ആതിര നേരത്തേ ആരോപിച്ചിരുന്നു.
അതേസമയം, ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതിരയെ ക്രൂരമായി മർദിച്ചെന്നും സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ചെന്നും ശരീരമാസകലം പരിക്കേൽപ്പിച്ചെന്നും വസ്ത്രം കീറിയെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണ് ആതിര തനിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിൽനിന്നുള്ള യുവജന പ്രവർത്തകയായതിനാൽ മ്യൂസിയം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.