

ഒ.ജെ. ജനീഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ കായികമേഖലയിൽ സമഗ്ര പരിഷ്കാരം ലക്ഷ്യമിട്ട് നിലവിലുള്ള കായിക നിയമങ്ങൾ പരിഷ്കരിച്ച് കായികതാരങ്ങൾക്ക് മുൻഗണന നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. സംസ്ഥാന സ്പോർട്സ് കൗൺസിലും സ്പോർട്സ് ഡയറക്റ്ററേറ്റും വെവ്വേറെ പ്രവർത്തിക്കുന്നതുമൂലമുള്ള ഏകോപനക്കുറവ് പരിഹരിച്ച് കായികമേഖലയെ കൂടുതൽ പ്രൊഫഷണലാക്കുകയാണ് പുതിയ നിയമത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
2019-20 കാലയളവിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് പാരിതോഷികം വിതരണം ചെയ്യുന്നതിനും അവരെ ആദരിക്കുന്നതിനുമായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികതാരങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണ വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയവർക്ക് നൽകുന്ന പാരിതോഷികം 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തി. വെള്ളി മെഡൽ ജേതാക്കൾക്ക് 20 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് 10 ലക്ഷം രൂപയുമാണ് നൽകുന്നത്.
പരിശീലകർക്ക് അഞ്ച് ലക്ഷം രൂപയും മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് യാത്രാസഹായമായി ഒരു ലക്ഷം രൂപയും നൽകുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ പാരാ വിഭാഗത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും പൊതുവിഭാഗത്തിലുള്ളവർക്ക് തുല്യമായ ആനുകൂല്യങ്ങൾ നൽകും. പരിശീലന അലവൻസും യാത്രാസഹായവും വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും തയ്യാറാക്കിവരികയാണ്.