

രാജ്മോഹൻ ഉണ്ണിത്താൻ | ഷാഫി പറമ്പിൽ
File
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പരസ്യമായ വാക്പോരിലും ഗ്രൂപ്പ് തർക്കങ്ങളിലും ഹൈക്കമാൻഡിന്റെ കർശന ഇടപെടലിനെ തുടർന്ന് താത്കാലിക വെടിനിർത്തൽ. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഷാഫി പറമ്പിൽ എംപിക്കെതിരേ നടത്തിയ പരസ്യ പ്രസ്താവനകളും തുടർന്ന് നേതാക്കൾക്കെതിരേ സമൂഹ്യ മാധ്യമങ്ങളിലുയരുന്ന സൈബർ ആക്രമണങ്ങളും പാർട്ടിക്ക് കനത്ത നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് എഐസിസി നേതൃത്വം നേരിട്ട് ഇടപെട്ടത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതാക്കളുമായി നേരിട്ട് സംസാരിച്ച് ഹൈക്കമാൻഡിന്റെ അതൃപ്തി അറിയിച്ചു. നേതൃപദവി വഹിക്കുന്ന എംപിമാരെ ഡൽഹിയിലേക്ക് വിളിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷനായ മന്ത്രി സണ്ണി ജോസഫിനെ നേരിട്ട് ബന്ധപ്പെട്ട ദീപാദാസ് മുൻഷി, പരസ്യ പ്രസ്താവനകൾ അടിയന്തരമായി അവസാനിപ്പിക്കാൻ ഇടപെടണമെന്ന് നിർദേശം നൽകി. ഇതോടെ നേതൃപദവിയിലെ ചിലർ ഉണ്ണിത്താനോടും ഷാഫി പറമ്പിലിനോടും മറ്റുള്ളവരെയും സമീപിച്ച് വാക്പോര് നിർത്താൻ അഭ്യർഥിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് നിർദേശം കർശനമായതോടെ നേതാക്കൾ പലരും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറിത്തുടങ്ങി.
ഇപ്പോൾ 'ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല' എന്നും 'എല്ലാം പിന്നീട് പറയാം' എന്നും വ്യക്തമാക്കി ഉണ്ണിത്താൻ നിലപാട് മയപ്പെടുത്തി. മറുവശത്ത്, വിഷയം പറഞ്ഞു വഷളാക്കേണ്ടതില്ലെന്നും തൽക്കാലം സംയമനം പാലിക്കാനുമാണ് ഷാഫി ഉൾപ്പെടുന്ന എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. എല്ലാ പ്രശ്നങ്ങളും ഉടൻ ചർച്ച ചെയ്ത് പരിഹരിക്കപ്പെടുമെന്ന് ബെന്നി ബഹന്നാൻ എംപി പ്രതികരിച്ചു. എങ്കിലും ഷാഫിക്കൊപ്പം ഉറച്ചുനിൽക്കാനും ഉണ്ണിത്താനെതിരേ എഐസിസി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാനുമാണ് അവരുടെ നീക്കം. ബെന്നി ബഹനാൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കെപിസിസി ആസ്ഥാനത്തെത്തി ദീപാദാസ് മുൻഷി, സണ്ണി ജോസഫ് എന്നിവരുമായി ചർച്ചകൾ നടത്തി.
നേതാക്കൾ തൽക്കാലം പരസ്യപ്രസ്താവനകൾ അവസാനിപ്പിച്ചെങ്കിലും, അണികൾക്കിടയിലെ സൈബർ പോരും വിവിധയിടങ്ങളിൽ ഉയർന്ന ഫ്ലെക്സ് ബോർഡുകളും പാർട്ടി നേതൃത്വത്തിന് ഇപ്പോഴും തലവേദനയായി തുടരുകയാണ്.