

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനു മുൻപേ രാഹുലിനെ കൈ വെടിഞ്ഞ് കോൺഗ്രസ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പാർട്ടി നീക്കം. ഇതു സംബന്ധിച്ച തീരുമാനം കെപിസിസി അധ്യക്ഷൻ ഹൈക്കമാൻഡിന് കൈമാറി. ഹൈക്കമാൻഡിന്‍റെ അനുമതി ലഭിച്ചാൽ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ സാഹചര്യത്തിൽ പാർട്ടി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിർണായക തീരുമാനം.
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അടച്ചിട്ട കോടതി മുറിയില്‍ ബുധനാഴ്ച ഒന്നര മണിക്കൂറാണ് വാദം നടന്നത്. സ്വകാര്യത മാനിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ ആവശ്യം ഉന്നയിച്ചതോടെയാണ് രഹസ്യമായി വിചാരണ നടത്തിയത്.
ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നു പറഞ്ഞ പ്രോസിക്യൂഷൻ രാഹുലിന്‍റെ മുൻകൂർ ജാമ്യത്തെ എതിർത്തിരുന്നു. പ്രതിക്കെതിരേ നിരന്തരം സമാന പരാതികൾ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ, പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊതു ജീവിതം നശിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ രാഹുലിന്‍റെ അഭിഭാഷകൻ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്‍റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.