''ചൂടുകാലത്ത് വൈദ്യുതിച്ചെലവ് കുറയ്ക്കാൻ ചുമരിലും ടെറസിലും വെള്ള പെയിന്‍റടിക്കാം'', മാർഗനിർദേശവുമായി കെഎസ്ഇബി

ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പത്തിനു അനുസരിച്ചുള്ള എസി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Representative image
Representative image

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം എയര്‍കണ്ടീഷണറുകളുടെ ഉപയോഗവും കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി. എസി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചിലവ് കുറയ്ക്കാമെന്ന് കെഎസ്ഇബി പറയുന്നു. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പത്തിനു അനുസരിച്ചുള്ള എസി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാങ്ങുന്ന സമയത്ത് ബിഇഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ഉള്ളവയ്ക്ക് ഊര്‍ജക്ഷമത കൂടുതലായിരിക്കും.

എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഫിലമെന്‍റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന് ഒഴിവാക്കുക. എസിയുടെ ടെമ്പറേച്ചര്‍ സെറ്റിങസ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം. എസിയുടെ ഫില്‍റ്റര്‍ എല്ലാ മാസവും വൃത്തിയാക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നായതിനാല്‍ എസിയുടെ കണ്ടെന്‍സര്‍ യൂണിറ്റ് കഴിയുന്നതും വീടിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. എസിയുടെ കണ്ടെന്‍സറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തണം.

കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കഴിവതും സീലിങ് ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കണമെന്നും വീടിന്‍റെ പുറം ചുമരുകളിലും ടെറസിലും വെളള നിറത്തിലുളള പെയിന്‍റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കുമെന്നും കെഎസ്ഇബി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com