
പ്രിൻസി ഫ്രാൻസിസ്, ആന്‍റണി പെരുമ്പാവൂർ
തൃശൂർ: സിനിമയിൽ അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ച കേസിൽ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് പിഴ വിധിച്ച് ചാലക്കുടി മുൻസിഫ് കോടതി. കൊടുങ്ങല്ലൂർ അസ്മാബി കോളെജ് അധ്യാപികയായ പ്രിൻസി ഫ്രാൻസിസിന്‍റെ പരാതിയിലാണ് നടപടി. അധ്യാപികയ്ക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് എം. എസ് ഷൈനിയുടെ വിധി.
ഒപ്പം എന്ന ചിത്രത്തിലാണ് അധ്യാപികയുടെ ഫോട്ടൊ അനുവാദമില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ 29ാം മിനിറ്റിൽ അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രം മറിച്ചു നോക്കുന്ന കേസ് ഫയലിൽ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോയായി നൽകിയിരിക്കുന്നത് അധ്യാപികയുടെ ചിത്രമാണ്. തന്‍റ ബ്ലോഗിൽ നിന്നാണ് ചിത്രമെടുത്തതെന്നും ഫോട്ടോ ബ്ലർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടു പോലും അണിയറപ്രവർത്തകർ തയാറായില്ല എന്നും അധ്യാപിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2017ലാണ് പ്രിൻസി കോടതിയെ സമീപിച്ചത്. ആന്‍റണി പെരുമ്പാവൂർ, പ്രിയദർശൻ, അസിസ്റ്റന്‍റ് ഡയറക്റ്റർ മോഹൻദാസ് എന്നിവർക്കെതിരേ നോട്ടീസ് അയച്ചു. ചിത്രത്തിൽ നിന്ന് തന്‍റെ പോട്ടോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു വേറെയാളുടെ ഫോട്ടോയാണെന്നായിരുന്നു അവരുടെ മറുപടി. നീണ്ട 8 കൊല്ലത്തെ പോരാട്ടത്തിനൊടുവിലാണ് കോടതി അവരോട് സിനിമയിൽ നിന്ന് തന്‍റെ ഫോട്ടോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ സ്ത്രീക്ക് നിയമപരിരക്ഷ ഉണ്ടെന്നു പറയുമ്പോൾ പോലും എട്ട് വർഷത്തോളം കേസുമായി അലച്ചിലായിരുന്നു. രണ്ട് ലക്ഷം രൂപയും ചെലവായി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും പ്രിൻസി പറഞ്ഞു.