എൽപിഎസ്ടി റാങ്ക് ഹോൾഡർമാരെ സർക്കാർ വഞ്ചിച്ചു; പിന്തുണയുമായി സിപിഎമ്മും സിജെപിയും

എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ളവരെ ബലമായി നീക്കം ചെയ്തതിനെ സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് രൂക്ഷമായി വിമർശിച്ചു
CPI(M), CJP extend support to protesting LPST rank holders after police action

എൽപിഎസ്ടി റാങ്ക് ഹോൾഡർമാരെ സർക്കാർ വഞ്ചിച്ചു; പിന്തുണയുമായി സിപിഎമ്മും സിജെപിയും

Updated on: 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരേ സിപിഎം. സമരക്കാർക്ക് സംരക്ഷണവും ആവശ‍്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സിപിഎം വ‍്യക്തമാക്കി. അതേസമയം, പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സമരക്കാരുടെ ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിനൊപ്പം നിൽക്കുമെന്നാണ് സിജെപി പറയുന്നത്.

എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ളവരെ ബലമായി നീക്കം ചെയ്തതിനെ സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ ജനാധിപത‍്യത്തെയും മൗലികാവകാശങ്ങളെയും പറ്റി സംസാരിച്ചിരുന്ന മുഖ‍്യമന്ത്രി അധികാരത്തിലെത്തിയപ്പോൾ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയാണെന്ന് മാധ‍്യമങ്ങളോട് പറഞ്ഞു.

ആദ‍്യം ചർച്ചകൾ നടത്തി വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം സർക്കാർ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരെ വഞ്ചിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. 'പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം.

അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനു പകരം ഇത്തരമൊരു സാഹചര‍്യം സൃഷ്ഠിക്കുകയാണുണ്ടായത്. നാലോ അഞ്ചോ പേർ മാത്രമാണ് പ്രതിഷേധിക്കുന്നതെങ്കിൽ പോലും അവരുടെ ആവശ‍്യങ്ങൾ പ്രധാനമാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പലവിധ പ്രശ്നങ്ങൾ നേരിട്ടുകൊണ്ട് തങ്ങളുടെ ആവശ‍്യങ്ങൾ നേടിയെടുക്കാനാണ് അവർ ഇവിടെ എത്തിയിരിക്കുന്നത്'. വി. ജോയ് പറഞ്ഞു.

എന്നാൽ സമരം ചെയ്യുന്നവർ നിയമന ഉത്തരവിനായി കാത്തിരിക്കണമെന്നും പ്രതിഷേധത്തിൽ നിന്നും വിട്ടുനിൽക്കണമെന്നുമാണ് മുസ്‌ലിം ലീഗ് എംഎൽഎ പി.കെ. ഫിറോസ് പറയുന്നത്. വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ‍്യവുമായാണ് റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതി അടക്കമുള്ളവർ നിരാഹാര സമരം നടത്തുന്നത്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണമെന്നാണ് വളർമതിയുടെ ആവശ‍്യം. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി താത്കാലികമായി നിർമിച്ച സമരപ്പന്തൽ നീക്കണമെന്ന് ആവശ‍്യപ്പെട്ട് കന്‍റോൺമെന്‍റ് പൊലീസ് പ്രതിഷേധക്കാർക്ക് നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്.