'മാപ്പ് പറഞ്ഞ ചരിത്രം ആർക്കാണുള്ളതെന്ന്‌ എല്ലാവർക്കുമറിയാം'; കാലടി സർവകലാശാലയിലെ വിദ‍്യാർഥി സമരത്തിൽ എം.വി. ഗോവിന്ദൻ

ഓഗസ്റ്റ് 13ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് 16 വിദ‍്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്
cpm leaders statement students protest kalady sanskrit university

എം.വി. ഗോവിന്ദൻ

Updated on: 

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിദ‍്യാർഥികൾ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക‍്യദാർഢ‍്യവുമായി സിപിഎം നേതാക്കളായ എം.എ. ബേബിയും എം.വി. ഗോവിന്ദനും രംഗത്ത്. വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്യുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നതിനും ഉന്നത വിദ‍്യാഭ‍്യാസ മന്ത്രിയെയും വിസിയെയും ഇരുവരും വിമർശിച്ചു.

ഓഗസ്റ്റ് 13ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് 16 വിദ‍്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിസി സിസ തോമസിനെ കൈയേറ്റം ചെയ്യുകയും സർവകലാശാലയുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. വിദ‍്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് കേരള ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് സർവകലാശാലയ്ക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. തുടർന്ന് വിദ‍്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

16 വിദ‍്യാർഥികളിൽ 10 പേർ മാപ്പ് പറയുകയാണെങ്കിൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് സർവകലാശാല അറിയിച്ചെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നു. മാപ്പ് പറഞ്ഞ് അവസാനിപ്പിക്കുന്ന സമരമായി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സമരം മാറില്ലെന്നായിരുന്നു സമരപ്പന്തൽ സന്ദർശിച്ചതിനു പിന്നാലെ ഗോവിന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മാപ്പ് പറഞ്ഞ ചരിത്രം ആർക്കാണുള്ളതെന്ന്‌ എല്ലാവർക്കുമറിയാം. പുറത്താക്കപ്പെട്ട മുഴുവൻ കുട്ടികളും പരീക്ഷ എഴുതിയ ശേഷം മാത്രമേ സമരം അവസാനിക്കൂവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കൂട്ടിച്ചേർത്തു. വിഷയം കോടതി തീരുമാനിക്കണമെന്ന സർക്കാരിന്‍റെ നിലപാട് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്ന് എം.എ. ബേബി മാധ‍്യമങ്ങളോട് പറഞ്ഞു. സർക്കാരിന് തെറ്റുപറ്റിയതായും എത്രയും വേഗം തെറ്റ് തിരുത്താൻ തയാറാകണമെന്നുമാണ് എം.എ. ബേബി പറയുന്നത്.