എം.വി. ഗോവിന്ദന്‍റെ വാർത്താ സമ്മേളനം "ചാം ചച്ച ചോം ചച്ച" പാട്ടുപോലെ; ഏരിയ കമ്മിറ്റികളിൽ പരിഹാസം

എം.വി. ഗോവിന്ദന്‍റെ ഭാര്യയെ തെരഞ്ഞെടുപ്പിൽ ഇറക്കിയതിലും വിമർശനമുയർന്നു
cpm pinarayi vijayan mv govindan criticized election defeat
എം.വി. ഗോവിന്ദൻ

file image

Updated on

അടൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. ചാം ചച്ച ചോം ചച്ച പാട്ടുപോലെയാണ് എം.വി. ഗോവിന്ദന്‍റെ പത്രസമ്മേളനമെന്ന് അടൂർ ഏരിയ കമ്മിറ്റിയിൽ വിമർശനമുയർന്നു. ആ പാട്ട് എഴുതിയവർക്കോ പാടിയവർക്കോ അതിന്‍റെ അർഥമൊന്നു അറിയില്ല. അത് തന്നെയാണ് എം.വി. ഗോവിന്ദന്‍റെ അവസ്ഥയെന്നായിരുന്നു പരിഹാസം.

എം.വി. ഗോവിന്ദന്‍റെ ഭാര്യയെ തെരഞ്ഞെടുപ്പിൽ ഇറക്കിയതിലും വിമർശനമുയർന്നു. ബന്ധു നിയമനത്തിൽ ഇ.പി. ജയരാജനെതിരേ നടപടിയെടുത്തവർ ഗോവിന്ദന്‍റെ കാര്യം വന്നപ്പോൾ മിണ്ടിയില്ല. കെപിഎംഎസിന്‍റെ എല്ലാ വോട്ടും എല്‍ഡിഎഫിന് നല്‍കാം എന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ പണം വാങ്ങി എന്നും വിമർശനം ഉയർന്നു. അടൂരിൽ പ്രിജി കണ്ണനെ ഇറക്കിയെന്നല്ലാതെ സിപിഐ ഒന്നും ചെയ്തില്ല.

പരാജയത്തിന് കാരണം ശരീരഭാഷയും ഭരണവിരുദ്ധ വികാരവും ധാർഷ്ട്യവുമൊക്കെയാണെന്നും ജില്ലാ കമ്മിറ്റികളിൽ വിമർശനമുയരുന്നുണ്ട്. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്, സാധാരണക്കാരന് പ്രവേശനമില്ലാത്ത മുഖ്യമന്ത്രിയുടെ ഓഫിസ് തുടങ്ങി മുഖ്യമന്ത്രി ഓഫിസിവെതിരേയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നുമായിരുന്നു ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. പിണറായി വിജയനെതിരെ ജനവികാരം ശക്തമായാരുന്നുവെന്നും ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com