

ആന്‍റണി രാജു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മുൻമന്ത്രി ആന്‍റണി രാജു പ്രതിനിധീകരിച്ചിരുന്ന തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാൻ സിപിഎം നീക്കം. എന്നാൽ പാർട്ടിയുടെ ഏക സീറ്റ് കൈവിട്ടുപോകാതിരിക്കാൻ ആന്‍റണി രാജു ചരടുവലി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആന്‍റണി രാജു നേതാവായ ജനാധിപത്യ കേരള കോൺഗ്രസിന്‍റെ കൈവശമുള്ള ഏക സീറ്റാണ് തിരുവനന്തപുരം. എന്നാൽ ഇത്തവണ മണ്ഡലം ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കില്ലെന്ന നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കാനാണ് സിപിഎം ആലോചന. മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രത്യേക ചുമതല നൽകി സിപിഎം മണ്ഡലത്തിൽ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്‍റണി രാജു അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം ആലോചന തുടങ്ങിയത്. തനിക്ക് മാത്രമാണ് അയോഗ്യതയെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസിന് അയോഗ്യതയില്ലെന്നുമുള്ള വാദവുമായി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ആന്‍റണി രാജു. പാര്‍ട്ടി പ്രതിനിധിയായി മറ്റാരെയെങ്കിലും മത്സരിപ്പിക്കാന്‍ ആന്‍റണി രാജു കരുനീക്കിത്തുടങ്ങിയതോടെയാണ് മന്ത്രി വി. ശിവന്‍കുട്ടിക്ക് സിപിഎം പ്രത്യേക ചുമതല നല്‍കിയത്. മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തിയ വികസന ജാഥയുമായി ജനാധിപത്യ കേരള കോണ്‍ഗ്രസ് സഹകരിച്ചില്ല. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ആന്‍റണി രാജുവും അദ്ദേഹത്തിന്‍റെ ഓഫിസും തയാറായതുമില്ല.
ഇടതുമുന്നണി യോഗത്തിന് പിന്നാലെ അടുത്തയാഴ്ച നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെന്ന് ഔദ്യോഗികമായി അറിയിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഘടകകക്ഷിയെന്ന നിലയില്‍ സീറ്റിനുള്ള അവകാശവാദത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കും. അനുനയത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തിന് പകരം മറ്റേതെങ്കിലും സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന നിലപാടാകും ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം സ്വീകരിക്കുക. അതേസമയം, സിപിഎമ്മിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല തിരുവനന്തപുരമെന്നതും ശ്രദ്ധേയമാണ്.